തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് നടത്തി വന്ന സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാമെന്ന നിലപാട് സ്വീകരിച്ചത്. ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് ബസുടമകള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ‘കല്ലട’ ബസിലെ ക്രൂരതകളും ധാര്‍ഷ്ട്യങ്ങളും ഒന്നിനു പുറകെ ഒന്നായി വന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനകളും പിഴയീടാക്കലും നടത്തിയത്. നിരവധി ബസുകളാണ് റെയ്ഡില്‍ കുടുങ്ങിയതും. തുടര്‍ന്നാണ് ബസുടമകള്‍ അനിശ്ചതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നാനൂറോളം ബസുകളാണ് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ നടത്തിയ പണിമുടക്കില്‍ പങ്കെടുത്തത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസിയും സജീവമായി രംഗത്തുണ്ടായിരുന്നു. സ്വകാര്യ ബസിന്റെ പണിമുടക്കില്‍ വന്‍ ലാഭം തന്നെയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.