നിലവിളി ശബ്ദം കേട്ട് ഓടിയെത്തി, നിലയില്ലാത്ത കിണറ്റിലേയ്ക്ക് എടുത്ത് ചാടി; മരണത്തെ മുമ്പില്‍ കണ്ട വയോധികയെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റി 15കാരന്‍, ധീരതയ്ക്ക് കൈയ്യടി

തിരുവില്വാമല പട്ടിപ്പറമ്പ് തവക്കല്‍പ്പടിയിലെ കിണറ്റില്‍ വീണ ലീലാവതി(80)യെയാണ് സുബിന്‍ എന്ന 15കാരന്‍ രക്ഷിച്ചത്.

തിരുവില്വാമല: സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മറ്റ് ജീവനുകളെ രക്ഷിച്ച ഒരുപാട് കഥകളുണ്ട്. അതില്‍ വലിയവരും ചെറിയവരുമുണ്ട്. മനസാക്ഷി കൈമുതലാക്കി കൊണ്ടു നടക്കുന്നവര്‍. അതുപോലെയുള്ള ഒട്ടനവധി രക്ഷാപ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തിലൊരു രക്ഷാപ്രവര്‍ത്തനം തന്നെയാണ് ഇവിടെയും ചര്‍ച്ചയാകുന്നത്. കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ചത് 15കാരനാണ്.

തിരുവില്വാമല പട്ടിപ്പറമ്പ് തവക്കല്‍പ്പടിയിലെ കിണറ്റില്‍ വീണ ലീലാവതി(80)യെയാണ് സുബിന്‍ എന്ന 15കാരന്‍ രക്ഷിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അയല്‍വാസിയുടെ കിണറ്റിലാണ് ലീലാവതി വീണത്. ശേഷം നിലവിളി കേട്ട് ഓടിയെത്തിയ സുബിന്‍ മറ്റൊന്നും ചിന്തിക്കാതെ നിലയില്ലാത്ത കിണറ്റിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. കിണറിനുള്ളിലെ പാറയില്‍ വൃദ്ധയെ ചേര്‍ത്തുപിടിച്ച് അരമണിക്കൂറോളം നിര്‍ത്തി. സംഭവം അറിഞ്ഞ് ആലത്തൂരില്‍ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ പാഞ്ഞെത്തി. പിന്നീട് വൃദ്ധയെ നെറ്റില്‍ കയറ്റി കരയ്ക്ക് കയറ്റുകയായിരുന്നു.

ശേഷം സുബിനേയും കരയ്ക്ക് കയറ്റി. ലീലാവതിക്ക് പരിക്കുകള്‍ ഒന്നും തന്നെ ഇല്ല. പട്ടിപ്പറമ്പ് കിഴക്കേപ്പുര രവിചന്ദ്രന്‍-ഉഷാകുമാരി ദമ്പതിമാരുടെ മകനാണ് സുബിന്‍. പഴമ്പാലക്കോട് ഗവ എസ്എംഎംഎച്ച്എസ്എസ്. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സുബിന്റെ സമയോചിതമായ ഇടപെടലാണ് ലീലാവതിക്ക് പുനര്‍ജന്മം ലഭിക്കാന്‍ ഇടയായത്. സുബിന്റെ ധീരതയ്ക്ക് നാടും നഗരവും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

Exit mobile version