കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തെരുവുവിളക്കുകള്‍ ഒഴിവാക്കി പകരം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കും. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക.
നിലവില്‍ കോഴിക്കോട് നഗരത്തില്‍ 36,000ത്തോളം തെരുവുവിളക്കുകളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ പകുതിയും കത്തുന്നില്ലെന്ന പരാതിയും നിരന്തരമാണ്. കേടായ ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കാലതാമസം എടുക്കും. ഈ പ്രശ്നം പരിഹരിക്കാനാണ് തെരുവുവിളക്കുകളുടെ ചുമതലയത്രയും പത്തു വര്‍ഷത്തേക്ക് കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്പ്പറേഷന് നഗരസഭ കൈമാറുന്നത്.
പുതിയ ലൈറ്റുകള്‍ സ്ഥാപിക്കാനും മെയിന്റനന്‍സിനുമായി പ്രതിമാസം 58 ലക്ഷം രൂപയോളമാണ് ചെലവ്. പുതിയ പദ്ധതി പ്രകാരം ഒരു ലൈറ്റ് പോയാല്‍ 48 മണിക്കൂറിനകം പുനസ്ഥാപിക്കണമെന്നതാണ്. വ്യവസ്ഥ തെറ്റിച്ചാല്‍ കമ്പനി പിഴ നല്‍കേണ്ടി വരും.
വിളക്ക് കത്താതായാല്‍ സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം വഴി നഗരസഭയ്ക്കും കമ്പനിയ്ക്കും അറിയാന്‍ സാധിക്കും. പദ്ധതി നടപ്പാക്കാനായി ആറു കമ്പനികള്‍ താല്പര്യ പത്രം നല്‍കിയിരുന്നെങ്കിലും ഇ സ്മാര്‍ട്ട് എനര്‍ജി സൊല്യൂഷന്‍സ്, കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്പറേഷന് എന്നീ കമ്പനികളാണ് സാങ്കേതിക യോഗ്യത നേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുക.
Discussion about this post