തിരുവനന്തപുരം: കാലവര്‍ഷം എത്തിയിട്ടും ഇത്തവണ മഴയില്ല. മഴയുടെ വന്‍ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.
കാലവര്‍ഷം ശക്തിപ്രാപിക്കേണ്ടിയിരുന്ന ഈ ജൂണ്‍ മാസം പോകുവാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേ, വരള്‍ച്ച ശക്തമാകുമെന്ന സൂചന നല്‍കി പെയ്ത മഴയില്‍ 35 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലഭിച്ചതാകട്ടെ വെറും 97.9 മില്ലിമീറ്റര്‍.
1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ഈ സാഹചര്യത്തിലാണ് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയെന്ന് മന്ത്രി വ്യക്തമാക്കിയത്.