ശ്വേത ഭട്ട്/ഫഖ്റുദ്ധീന്‍ പന്താവൂര്‍
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പകപോക്കലിന്റെ ഇരയായി മുന്‍ ഐപിഎസ് ഓഫീസര്‍
സഞ്ജീവ് ഭട്ട് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. 30 വര്‍ഷം മുമ്പ് 1990ല്‍ ജംമ്നാനഗറില്‍ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദഹത്തെ ശിക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച ഐപിഎസ് ഓഫീസര്‍ക്കെതിരായ നടപടി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസിന്റെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനും സഞ്ജീവ് ഭട്ടിന് നീതിലഭിക്കാനും ഒറ്റയാള്‍ പോരാട്ടം നയിക്കുകയാണ് ഭാര്യ ശ്വേതാ ഭട്ട്.
ശ്വേതഭട്ടുമായി മാധ്യമപ്രവര്‍ത്തകന്‍ ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ നടത്തിയ അഭിമുഖം വായിക്കാം:
- സജ്ഞിവ് ഭട്ടിനെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ഉറപ്പിച്ചു പറയുന്നതിന്റെ സാഹചര്യം എന്തൊക്കെയാണ് ?
എനിക്കും നിങ്ങള്‍ക്കും ഈ രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം ഇതൊരു രാഷ്ട്രീയ പകപോക്കല്‍ ആണെന്ന്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഒരെ ഒരു ദൃക്‌സാക്ഷിയെ ഒറ്റയടിക്ക് നിശബ്ദമാക്കി കളയാനുള്ള ശ്രമമാണിത്. ഒന്നു മാത്രമെ എനിക്ക് പറയാനുള്ളൂ. 2002 ലെ മുസ്ലിം വിരുദ്ധ കലാപത്തില്‍ അയാളെ (മോഡിയെ) പഴിച്ചവരെയെല്ലാം കോഴ കൊടുത്തും പേടിപ്പിച്ചും അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഒരു അവസരം പോലും ഈ ഭരണകൂടം പാഴാക്കിയിട്ടില്ല. ഔദ്യോഗിക പദവി ഉപയോഗിച്ചുകൊണ്ട് തന്നെ ഈ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ പോരാട്ടം നടത്തിയ ആളാണ് സജ്ഞീവ് ഭട്ട്. അതുകൊണ്ട് തന്നെ ഈ സമയത്ത് നമ്മള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തിന് വേണ്ടി പൊരുതണം.
- എന്തുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇത്തരമൊരു നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരാത്തത്?
ഞാന്‍ വിശ്വസിക്കുന്നത് ഇതേ ചോദ്യമാണ് ദേശീയ രാഷ്ട്രീയത്തിന്നു മുന്‍പില്‍ എത്തിക്കേണ്ടതുമെന്നാണ്. ഒരുപാട് പേര്‍ വ്യക്തിപരമായ രീതിയില്‍ പിന്തുണക്കാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ പൊതുവെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭയം കാരണം തുറന്നു പറയാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല ഇടതുപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടില്ല.
-
- കേരളത്തില്‍ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിന്റെ പിന്തുണയെ എങ്ങനെ നോക്കിക്കാണുന്നു?
ഇരുട്ട് നിറഞ്ഞ ഏറ്റവും മോശമായ അവസ്ഥയിലും അവര്‍ നല്‍കുന്ന അചഞ്ചലവും
ഗാഢവുമായ പിന്തുണയാണ് ഒരു പക്ഷെ എന്റെയും സഞ്ജീവ് ഭട്ടിന്റെയും പോരാട്ട വീര്യത്തെ തന്നെ നിലനിര്‍ത്തുന്നത്. എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയത്തില്‍ വളരെ വലിയ ഒരു സ്ഥാനമാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്. സഞ്ജീവിനും കുടുംബത്തിനും ശക്തി പകര്‍ന്നു കൊണ്ട് നെടുംതൂണ് പോലെ നില്‍ക്കുന്ന മലയാളികളോട് എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. ഞാനും എന്റെ കുടുംബവും അവരോട് കടപ്പെട്ടിരിക്കുന്നു.
- കേരളത്തില്‍ പല പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുത്തയാളാണ് നിങ്ങള്‍. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകള്‍ എന്തൊക്കെയാണ്?
ഈ മാസം 27 ,28 തിയതികളിലാണ് ഞാന്‍ കേരളത്തില്‍ ആദ്യമായി പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങുന്നത്. ഇത്ര വലിയ മോശം അവസ്ഥയില്‍ സഞ്ജീവ് ഭട്ടിന് വേണ്ടി എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നില്‍ക്കുന്നവരെ ഞാന്‍ അന്നാണ് നേരില്‍ കാണുന്നത്.
കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക ബോധം അവരുടെ പ്രവര്‍ത്തികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതു മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ എനിക്ക് പറയാന്‍ കഴിയും കേരളമാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ സാക്ഷരത നേടിയവര്‍. കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും ആത്യന്ത്യം ബഹുമാനവും നന്ദിയും രേഖപ്പെടുത്തുന്നു.
- ചോദ്യം: മോഡിയുടെ ഇന്ത്യയില്‍ ശരിയായ നീതി പുലരുമെന്ന് ഒരു ജനാധിപത്യ വിശ്വാസിക്ക് പ്രതീക്ഷിക്കാനാകുമോ?
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ തന്നെ ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു പൗരനും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഒരു പക്ഷെ ഇതില്‍ നിന്നും ഒരു മോചനം സാധ്യമല്ല. മോഡിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സഞ്ജീവും ഞാനും കുടുംബവും അവസാനം വരെ പോരാട്ടരംഗത്തുണ്ടാവും. ഒരിക്കലും പിന്മാറാതെ തന്നെ
(മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമാണ് ഫഖ്‌റുദ്ധീന്‍ പന്താവൂര്‍. ഫോണ്‍ 9946025819)
Discussion about this post