ആലപ്പുഴ: ഒരു ബസിലെ സൗഹൃദക്കൂട്ടത്തിന് കണ്ടു പിരിയുന്നതു വരെയുള്ള ആയുസ് മാത്രമെയുള്ളൂ എന്ന് കരുതുന്നവരെ അമ്പരപ്പിച്ചിരിക്കുകയാണ് കുമളിയില്‍ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആര്‍ടിസിയുടെ ആര്‍പിഎം 701 നമ്പര്‍ ബസിലെ യാത്രക്കാര്‍. ഈ ബസിലെ സ്ഥിരം യാത്രക്കാരുടെ സൗഹൃദക്കൂട്ടം തങ്ങളുടെ സഹയാത്രികന്റെ ദുഃഖത്തില്‍ പങ്കുചേരുകയും തങ്ങള്‍ക്ക് കഴിയും വിധം ആ ദുഃഖത്തെ ദുരീകരിക്കുകയും ചെയ്തത് മാതൃകാപരമായാണ്. ലോണെടുത്ത് വാങ്ങിയ പുതിയ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ട ശിവന്‍ ചേട്ടന് ഇന്നലെ രാവിലെയാണ് സൗഹൃദക്കൂട്ടം പുത്തന്‍ ഫോണ്‍ കിടിലന്‍ സര്‍പ്രൈസായി നല്‍കിയാണ് ഞെട്ടിപ്പിച്ചത്. നഷ്ടപ്പെട്ടതിലും ഒരു പടി മുന്നില്‍ നില്‍ക്കുന്ന അടിപൊളി ഫോണ്‍ തനിക്ക് അപ്രതീക്ഷിതമായി സമ്മാനിച്ചതോടെ ശിവന്‍ ചേട്ടന്റെ കണ്ണിലും കൂടി നിന്നവരുടെ മിഴികളിലും ആനന്ദാശ്രു പൊടിഞ്ഞു.
സമ്മാനം ലഭിച്ച ഈ ശിവന്‍ ചേട്ടന്‍ ആരാണെന്നായി ബസിലെ സ്ഥിരം യാത്രക്കാരല്ലാത്തവരുടെ അന്വേഷണം. ബസിലെ സ്ഥിരം യാത്രക്കാരായ 60ഓളം പേരടങ്ങുന്ന സൗഹൃദക്കൂട്ടത്തിന് മാത്രമായിരുന്നു ഈ ഫോണ്‍ സമ്മാനിച്ചതിന് പിന്നിലെ കഥയും തിരക്കഥയും അറിയുന്നുണ്ടായിരുന്നത്. ശിവന്‍ ചേട്ടന്‍ ഈ ആര്‍പിഎം 701 നമ്പര്‍ ബസിലെ സ്ഥിരം യാത്രക്കാരുടെ സൗഹൃദക്കൂട്ടായ്മയിലെ അംഗമാണ്. മാന്നാറിലെ പലചരക്കു കടയിലെ കണക്കെഴുത്തുകാരനായ ശിവന്‍ ചേട്ടന്‍ രണ്ടു മാസം മുമ്പാണ് വായ്പയെടുത്ത് പഴയ ഫോണ്‍ മാറ്റി പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശേരിയില്‍ വച്ച് ഫോണ്‍ മോഷണം പോവുകയും ചെയ്തു.
രാവിലെയും വൈകിട്ടും കൃത്യമായി കായംകുളം, മാവേലിക്കര ബസുകളുടെ സമയം ഗ്രൂപ്പില്‍ അപ്‌ഡേറ്റ് ചെയ്തിരുന്ന ശിവന്‍ ചേട്ടന്റെ ഫോണ്‍ നഷ്ടമായത് ഗ്രൂപ്പിലെ പലര്‍ക്കും ഏറെ വിഷമം സമ്മാനിച്ചു. അങ്ങനെയാണ് ഗ്രൂപ്പ് അഡ്മിന്‍ ആഷ ടീച്ചര്‍, ഈ ബസില്‍ എംപാനല്‍ കണ്ടക്ടറായിരിക്കുമ്പോള്‍ ജോലി നഷ്ടമായ ഷെമീര്‍, ഡ്രൈവര്‍ സിബി എന്നിവരും മറ്റു ചിലരും ചേര്‍ന്ന് ശിവന്‍ ചേട്ടന് ഒരു സര്‍പ്രൈസ് നല്‍കാന്‍ പ്ലാനിട്ടത്. ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്താല്‍ ശിവന്‍ ചേട്ടന്‍ അറിയാനിടയുള്ളതിനാല്‍ ഗ്രൂപ്പിലെ ചിലര്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്ത് സര്‍പ്രൈസ് അങ്ങ് ഉറപ്പിച്ചു.
ശിവന്‍ ചേട്ടനു പുതിയ ഫോണ്‍ കൊടുക്കാനായിരുന്നു തീരുമാനം. നഷ്ടമായ അതേ മോഡല്‍ ഫോണിനു വേണ്ടി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെ, അതേ കമ്പനിയുടെ തന്നെ അല്‍പം ഉയര്‍ന്ന മോഡല്‍ വാങ്ങി. കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്നു ഫോണ്‍ വാങ്ങി ആഷ ടീച്ചര്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞു. പിറ്റേദിവസം രാവിലെയോടെ ചങ്ങനാശേരി എസ്എന്‍ കോളേജ് ബസ് സ്‌റ്റോപ്പില്‍ വെച്ച് ഫോണ്‍ ഗ്രൂപ്പ് അഡ്മിനും കൂട്ടുകാരും ചേര്‍ന്ന് ശിവന്‍ ചേട്ടന് സമ്മാനിക്കുകയായിരുന്നു. എങ്ങനെ നന്ദി പറയണമെന്ന് അറിയാതെ കണ്ണുനിറഞ്ഞ് നില്‍ക്കുന്ന ശിവന്‍ ചേട്ടനോട് യാത്ര പറഞ്ഞ് ഓരോരുത്തരും അവരവരുടെ വഴികളിലേക്ക് യാത്ര തുടര്‍ന്നു.
Discussion about this post