തൃശ്ശൂര്‍: കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന ചെന്നൈയ്ക്ക് വെള്ളം എത്തിക്കാന്‍ പദ്ധതിയുമായി മലയാളി സ്ഥാപനം. യുഎഇ ആസ്ഥാനമായ ടെക്ടോണ്‍ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷനാണു പദ്ധതി നടപ്പാക്കുന്നത്. 1689 കോടിയുടെ മുതല്‍മുടക്കില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കാനുള്ള പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്.
തൃശ്ശൂര്‍ വടൂക്കര സ്വദേശി എംഎം ഷരീഫാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍. കൂടാതെ കമ്പനിയുടെ മൂന്ന് ഉടമകളില്‍ ഒരാളാണ് ഷരീഫ്. ള്‍ഫില്‍ ഇരുപതോളം വന്‍കിട ജല ശുദ്ധീകരണ പദ്ധതികള്‍ ഇവര്‍ ചെയ്യുന്നുണ്ട്. പ്രതിദിനം 15 കോടി ലീറ്റര്‍ വെള്ളമാണു ശുദ്ധീകരിക്കുക. ലീറ്ററിനു 42 പൈസയേ ചിലവുവരൂ എന്നതാണു പ്രത്യേകത.
വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്തു പണം വാങ്ങുന്നതടക്കമുള്ള എല്ലാ ജോലിയും കമ്പനി ചെയ്യും. ഈ രംഗത്ത് 30 വര്‍ഷത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നടപ്പാക്കുന്ന ആദ്യ കടല്‍ വെള്ള ശുദ്ധീകരണ പദ്ധതിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തേക്കാണു കരാര്‍. 9 ലക്ഷം പേര്‍ക്കുള്ള കുടിവെള്ളം വിതരണം ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കി.
കോടതി വിധിയെത്തുടര്‍ന്നു മാര്‍ച്ചിലാണു പദ്ധതി ടെന്‍ഡര്‍ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവച്ചു. അതേസമയം കേരളത്തിലും ഈ പദ്ധതി നടപ്പാക്കാനുള്ള സന്നദ്ധത ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കായല്‍വെള്ളമോ കടല്‍ വെള്ളമോ ശുദ്ധീകരിച്ചു നല്‍കാനാകുമെന്നാണ് കമ്പനി അറിയിച്ചു.