തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണെന്ന വിമര്‍ശനവുമായി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്‍. സിനിമ നിര്‍മ്മിക്കുന്നതിലും കൂടുതല്‍ സമയം താന്‍ ചിലവഴിക്കുന്നത് കോടതിയിലാണെന്നും കോടതിയെ വിവാഹം ചെയ്ത അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ ‘വിവേകി’ന്റെ പ്രദര്‍ശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മുന്‍ ചിത്രങ്ങളുടെ പ്രദര്‍ശനാനുമതിക്ക് ഒറ്റക്കാണ് പോരാടിയതെന്നും വിവേക് പ്രദര്‍ശിപ്പിക്കാന്‍ തന്നോടൊപ്പം നിന്ന് പോരാടിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇന്നലെയാണ് കേരള ഹൈക്കോടതി അനുമതി നല്‍കിയത്. പട് വര്‍ധനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്.
വിലക്കുകള്‍ മറികടന്നാണ് ഡോക്യുമെന്ററി മേളയില്‍ എത്തിയത്. എന്നാല്‍ വലിയ പ്രതികരണങ്ങളാണ് ലഭിച്ചതും. നിറ കൈയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്. മതേതരത്വത്തിനും സ്വതന്ത്ര ചിന്തകര്‍ക്കും നേരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങളാണ് വിവേകിന്റെ പ്രമേയമാകുന്നത്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്കുള്ള പങ്ക്, മുംബൈ സ്‌ഫോടനം, ആള്‍കൂട്ട കൊലപാതകങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.
Discussion about this post