അഞ്ചലിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊല്ലം: അഞ്ചലില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി പോലീസ്. പെണ്‍കുട്ടിയുടെ ആത്മഹത്യ നിരന്തര പീഡനത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇടയം കരിപ്പോട്ടി കോണം രാജേഷ് ഭവനില്‍ രതീഷ് (26) ഇടയം പന്നിയറയില്‍ തച്ചക്കോട് കോണം വീട്ടില്‍ ശരത് (24) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയെ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിലേക്ക് അന്വേഷണം നീങ്ങുകയും ശരത് അറസ്റ്റിലാവുകയുമായിരുന്നു. ഇയാളെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ശരത്തിന് പീഡനത്തില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. രതീഷാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന. ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംഘം നല്‍കുന്ന സൂചന. വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചതായി രതീഷ് മൊഴി നല്‍കിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തിയുള്ള രതീഷിന്റെ പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. പോക്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ശരത്തിനെതിരെയും പോക്സോ ചുമത്തിയിട്ടുണ്ട്.

Exit mobile version