കൊച്ചി: കേരളത്തില്‍ ട്രോളിങ് നിരോധനം വന്നത് മുതല്‍ മീനുകള്‍ക്ക് ക്ഷാമമാണ്. മീനുകള്‍ക്കൊക്കെ പൊള്ളുന്ന വിലയാണ് ഇപ്പോള്‍. ഇതിനിടയില്‍ എല്‍നീനോ പ്രതിഭാസം കാരണം സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. കേരളാ തീരത്തുനിന്ന് മീനുകള്‍ തമിഴ്‌നാട്തീരത്തേക്ക് പോയതാണ് മത്സ്യലഭ്യത കുറയാനുള്ള പ്രധാന കാരണം. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മത്തി ലഭ്യത ഏറ്റവും കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സമുദ്രജലത്തിന്റെ ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇതാണ് മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പ്പാദനത്തേയും ബാധിച്ചിരിക്കുന്നത്. ചൂട് കൂടുന്നതോടെ മീന്‍ കേരളാ തീരത്ത് നിന്നും തമിഴ്‌നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് നീങ്ങും. അറബിക്കടലില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ മുട്ടകളുടെ പ്രത്യുല്‍പ്പാദനം നടക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ അയ്യായിരത്തില്‍ താഴെ മുട്ടകളേ ഉത്പാദിപ്പിക്കപ്പെട്ടുള്ളൂ എന്നാണ് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പറയുന്നത്.
കേരളത്തിലെ കടലിനടിയില്‍ ചൂട് വര്‍ധിച്ചതിനാല്‍ മത്തികള്‍ കൂട്ടത്തോടെ താപനില കുറഞ്ഞ തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ബാക്കിയുള്ളവയെ മറ്റ് വലിയ മത്സ്യങ്ങള്‍ ഭക്ഷിക്കുകയോ അല്ലെങ്കില്‍ മീന്‍പിടുത്തക്കാര്‍ പിടികൂടുന്ന അവസ്ഥയാണ് ഉള്ളതെന്നുമാണ് അധികൃതര്‍ പറയുന്നത്.