കണ്ണൂര്‍: എംവി രാഘവന്റെ നാലാം ചരമവാര്‍ഷികാചരണ ചടങ്ങിലായിരുന്നു ഹൈക്കോടതി വിധിയറിയുമ്പോള്‍ നികേഷ് കുമാര്‍… ഒരു ജേതാവിനെപ്പോലെയായിരുന്നു നികേഷ്‌കുമാറിനെ സദസ്സ് കണ്ടത്. സദസ്സില്‍ ഇരിക്കുന്ന സമയത്തായിരുന്നു നികേഷിന് ഫോണ്‍ വന്നത്. ‘കെഎം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരിക്കുന്നു’. പിന്നെ വിളികളുടെ തിരക്കായി. പ്രസംഗം നടക്കുന്നതിനാല്‍ നികേഷ് എല്ലാം കേള്‍ക്കുകമാത്രമായിരുന്നു. അപ്പോഴേക്കും വേദിയിലുള്ള മറ്റുചിലര്‍ക്കും വിവരം ലഭിച്ചു. സദസ്സിലും വിവരമെത്തി. എന്നാല്‍ അങ്ങനെയെന്തെങ്കിലും സംഭവിച്ചതായി പ്രസംഗത്തില്‍ ആരും മിണ്ടിയില്ല.
ഇതിനിടെ നികേഷിന്റെ അമ്മ ജാനകിയമ്മയും ഭാര്യ റാണിയും എത്തി. അമ്മയെ വേദിയില്‍ തൊട്ടടുത്ത് എംവി ആറിന്റെ ഫോട്ടോയ്ക്ക് സമീപമിരുത്തി നികേഷ് അമ്മയുടെ ചെവിയില്‍ പറഞ്ഞു. ‘അമ്മേ… എന്നെ തോല്‍പ്പിച്ച ആളെ കോടതി അയോഗ്യനാക്കി’…
എല്ലാ നേതാക്കളും തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതിനു ശേഷമായിരുന്നു നികേഷിന്റെ ഊഴം. എന്നാല്‍ കേസിലെ വിജയത്തെപ്പറ്റി കൂടുതലെന്തെങ്കിലും പറയാതെ ഒരുസൂചനമാത്രമാണ് നല്‍കിയത്. വിധിയുടെ വിശദാംശം അറിയാത്തതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകരെ നികേഷ് കണ്ടത്.
അച്ഛന്റെ അനുസ്മരണത്തിനിടെ അമ്മയുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഒരു പോരാട്ടത്തിന്റെ വിജയം അറിയാന്‍ സാധിച്ചതില്‍ പ്രത്യേക സന്തോഷമുണ്ടെന്ന് നികേഷ് പറഞ്ഞു.