തൊടുപുഴ: അച്ഛന്റെ വിയോഗം മെറീനയുടെ മനസ്സിനെ ഉലച്ചെങ്കിലും കണ്ണീരുണങ്ങാത്ത മനസ്സുമായി അവള്‍ പരീക്ഷ എഴുതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചരിത്രവിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മെറീന പരീക്ഷയുടെ തയ്യാറെടുപ്പിലുമായിരുന്നു. വെള്ളിയാഴ്ച അഞ്ചാം സെമസ്റ്ററിലെ അവസാന ഇംഗ്ലീഷ് പരീക്ഷയായിരുന്നു.
അപ്പോഴാണ് അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മെറീനയുടെ അച്ഛനെ മരണം തേടി എത്തിയത്. പഠിച്ചു മിടുക്കിയാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എല്ലാമെല്ലാമായിരുന്ന അച്ഛന്റെ വിയോഗം മെറീനയുടെ മനസ്സിനെ ഉലച്ചെങ്കിലും അവള്‍ പതറിയില്ല. അച്ഛന്റെ മൃതശരീരം അന്ത്യശുശ്രൂഷകള്‍ക്കായി വീട്ടില്‍ കിടക്കുമ്പോള്‍ വിങ്ങുന്ന മനസ്സുമായി അവള്‍ കോളേജില്‍ എത്തി പരീക്ഷയെഴുതി. അച്ഛന്റെ സ്വപ്നവും അനുഗ്രഹവുമായിരുന്നു അവളുടെ മനസ്സിന്റെ ശക്തി.
കോളേജിനു പുറത്ത് സംരക്ഷണവലയമായി ബന്ധുക്കള്‍ കാത്തു നിന്നിരുന്നു. പരീക്ഷ കഴിഞ്ഞ് അച്ഛനെ അവസാനമായി കാണാന്‍ അവര്‍ക്കൊപ്പം വീട്ടിലേക്ക്. മെറിന്റെ അച്ഛന്‍ വിലങ്ങുപാറയില്‍ വിഎംമത്തായി (68) വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.
അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തോടെ അവളുടെ പരീക്ഷയെഴുതാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടിരുന്നു. മരണവാര്‍ത്തയറിഞ്ഞെത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് പരീക്ഷഹാളില്‍ എത്തിയത്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അമ്മ മരിച്ചതോടെ അച്ഛനായിരുന്നു മെറിന്റെ ലോകം.
കൊച്ചുവീട്ടിലെ അവരുടെ ജീവിതം എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. മൂന്നാഴ്ചകള്‍ക്കു മുമ്പ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് അര്‍ബുദരോഗം മൂര്‍ച്ഛിച്ച വിവരം മെറീനയും മത്തായിയും അറിയുന്നത്. ചികിത്സകള്‍ക്കൊണ്ട് പ്രയോജനമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ അച്ഛനെ പരിചരിക്കുന്നതിനൊപ്പമാണ് മെറീന പഠനം കൊണ്ടുപോയിരുന്നത്.
പഠനത്തില്‍ മികവു പുലര്‍ത്തുന്ന മെറീന ഗായികകൂടിയാണ്. സര്‍ക്കാര്‍ ഉദ്യോഗമെന്ന അച്ഛന്റെ സ്വപ്നം നേടിയെടുക്കാന്‍ അവള്‍ക്കു കഴിയട്ടെയെന്നാണ് കൂട്ടുകാരുടെ പ്രാര്‍ഥന.
വെള്ളിയാഴ്ച രണ്ടിന് ഇഞ്ചിയാനി സെന്റ് മത്തിയാസ് സിഎസ്‌ഐ പള്ളിയിലാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. അച്ഛന്റെ വിയോഗത്തോടെ തനിച്ചായ മെറീനയ്ക്കു തണലായി ബന്ധുക്കളുടെ വലിയൊരു സംരക്ഷണവലയം തന്നെയാണുള്ളത്.