കൊച്ചി: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഹോട്ടല്‍ ജീവനക്കാരി ഉടമയുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ലാതുരുത്ത് സ്വദേശി അമ്പിളിയാണ് (38) മരിച്ചത്. കാര്‍പോര്‍ച്ചില്‍ വെച്ചാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
അണ്ടിപ്പിള്ളിക്കാവിലെ അംബി ഹോട്ടല്‍ ആന്റ് കാറ്ററിംഗ് യൂണിറ്റില്‍ മൂന്നു മാസം മുമ്പുവരെ ജോലി ചെയ്തിരുന്നു അമ്പിളി. പിരിച്ചുവിട്ടതിന് ശേഷം പറവൂരിലെ മറ്റൊരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു അമ്പിളി. തിങ്കളാഴ്ച ആറ് മണിയോടെ മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയായ സുധീഷിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അമ്പിളിയുടെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നിരുന്നു.
അയല്‍ക്കാരെ വിളിച്ചുകൂട്ടി തീ കെടുത്തി പറവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന അമ്പിളി, മൂന്നു മാസം മുമ്പ് പിരിച്ചുവിട്ടതിനു ശേഷം പറവൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെ ജോലിക്കു പോകുന്നുവെന്ന് മകളോടു പറഞ്ഞാണ് വീട്ടില്‍ നിന്നും അമ്പിളി ഇറങ്ങിയത്. അമ്പിളിയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വീണ് മരണമടഞ്ഞിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനി ആതിരയാണ് മകള്‍. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Discussion about this post