തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യം ശാസ്ത്രീയമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം പുതിയ ജില്ലയെന്ന ആവശ്യം പ്രായോഗികമല്ലെന്ന് മന്ത്രി ഇപി ജയരാജന് ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു ഇപി ജയരാജന്. അധികാരത്തിലിരുന്നപ്പോള്‍ മുസ്ലീം ലീഗിന് തോന്നാത്ത കാര്യം ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി എന്താണെന്നും മന്ത്രി ചോദിച്ചു. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പുതിയ ജില്ല രൂപവത്ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും ഇപി ജയരാജന് വ്യക്തമാക്കി.
ജനസംഖ്യയെ അടിസ്ഥാനമാക്കി മലപ്പുറം ജില്ല വിഭജിക്കണമെന്നായിരുന്നു കെഎന്‍എ ഖാദറിന്റെ ആവശ്യം. മലപ്പുറത്ത് നിലവില്‍ ജനസംഖ്യാനുപാതികമായ വികസനമില്ലെന്നും ഭരണസൗകര്യത്തിനായി പുതിയ ജില്ല വേണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post