ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്കാന് പുതിയ ഉത്തരവുമായി ഡിജിപി ഋഷിരാജ് സിങ്. തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പാരിതോഷികം നല്‍കുന്നത്. തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും ജയില്‍ ഉദ്യോഗസ്ഥരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുമാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്.
2500 രൂപ വീതമാണ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനമായി നല്‍കുക. പിടിച്ചെടുക്കുന്ന മൊബൈലുകളുടെ എണ്ണമനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പാരിതോഷികം വര്‍ധിക്കുമെന്നും അതേസമയം ഒരേ തടവുകാരനില്‍നിന്ന് രണ്ടാമതും ഫോണ്‍ പിടിച്ചാല്‍ ജയില്‍ സൂപ്രണ്ടിനെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു.
ജയിലിലെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ജയില്‍ ഡിജിപി., ജയില്‍ ഡിഐജിമാര്‍, ജയില്‍ സൂപ്രണ്ടുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ ആവശ്യമായ വിവരങ്ങള്‍ കൈമാറും. തടവുകാരെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ഇളവും നല്‍കരുതെന്നും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നും നിര്‍ദ്ദേശമുണ്ട്.
തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തിലേറെയായി ഒരേ ജയിലില്‍ സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ജോലി ചെയ്തിരുന്നവരുടെ പട്ടികയും തയ്യാറിക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post