തിരുവനന്തപുരം: ജനസംഖ്യ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സഭയില്‍ ഉന്നയിക്കാന്‍ മുസ്ലിം ലീഗ്. മലപ്പുറം വിഭജിച്ച് തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് ആവശ്യമുന്നയിച്ച് നിയമസഭയില്‍ കെഎന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം സഭയില്‍ ഹാജരാകാതെ പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലീംലീഗും യുഡിഎഫും അന്ന് അനുമതി നല്‍കിയിരുന്നില്ല.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന് അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ വേങ്ങര എംഎല്‍എയായ കെഎന്‍എ ഖാദര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ യുഡിഎഫ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടതോടെ കെഎന്‍എ ഖാദര്‍ തന്നെ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കുകയായിരുന്നു. ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും.
നേരത്തെ, കെഎന്‍എ ഖാദര്‍ ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന് നിരവധി വേദികളില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post