തിരുവനന്തപുരം: ഒല്ലൂര്‍ എംഎല്‍എ കെ രാജനെ ചീഫ് വിപ്പാക്കി
നിയമിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ പരിഹാസ പോസ്റ്റുമായി രാഷ്ടീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. ഇപി ജയരാജന് മന്ത്രി പദവിയിലേക്ക് തിരിച്ചെത്തിയതോടെയാണ് സിപിഐയ്ക്ക് ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന് ജയശങ്കര്‍ ആരോപിക്കുന്നു. ഇതിനുപിന്നാലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കെ രാജനെ ചീഫ് വിപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ജയശങ്കര്‍ പറയുന്നു.
സീതിഹാജി മുതല്‍ ഉണ്ണിയാടന് വരെ ചീഫ് വിപ്പായിട്ടുണ്ടെങ്കിലും, പിസി ജോര്‍ജായിരുന്നു യഥാര്‍ത്ഥ ചീഫ് വിപ്പ് അന്ന് മുഖ്യമന്ത്രിയേക്കാളും ചീഫ് ജസ്റ്റിസിനേക്കാളും പവറായിരുന്നു ചീഫ് വിപ്പിന്. അതൊക്കെ ഒരു കാലമായിരുന്നെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വൈകിവന്ന വസന്തം. സഖാവ് കെ രാജനെ സര്‍ക്കാര്‍ ചീഫ് വിപ്പായി നിയമിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ കര്‍ക്കടക മാസത്തില്‍ സഖാവ് ഈപി ജയരാജനെ തിരിച്ചെടുക്കുകയും മന്ത്രിമാരുടെ എണ്ണം 20 ആയി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചീഫ് വിപ്പ് പദവി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും പ്രളയം സംഭവിച്ചതു കൊണ്ട് നിയമനം നീണ്ടുപോയി.
പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയും നവകേരള നിര്‍മാണം ആരംഭിക്കുകയും ചെയ്തതു കൊണ്ട് ചീഫ് വിപ്പിനെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. തല്‍സ്ഥാനത്തേക്ക് രാജനെ കണ്ടെത്തുകയും ചെയ്തു.
പ്രത്യേകിച്ച് അധികാരമോ ഉത്തരവാദിത്തമോ ഇല്ലാത്ത ഒരു ആലങ്കാരിക പദവിയാണ് ചീഫ് വിപ്പിന്റേത്. സാങ്കേതികാര്‍ത്ഥത്തില്‍ ഇദ്ദേഹം പുറപ്പെടുവിക്കുന്ന വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാന്‍ ഭരണമുന്നണിയിലെ അംഗങ്ങള്‍ ബാധ്യസ്ഥരുമല്ല.
സീതിഹാജി മുതല്‍ ഉണ്ണിയാടന് വരെ ചീഫ് വിപ്പായിട്ടുണ്ടെങ്കിലും, പിസി ജോര്‍ജായിരുന്നു യഥാര്‍ത്ഥ ചീഫ് വിപ്പ്. അന്ന് മുഖ്യമന്ത്രിയേക്കാളും ചീഫ് ജസ്റ്റിസിനേക്കാളും പവറായിരുന്നു ചീഫ് വിപ്പിന്. അതൊക്കെ ഒരു കാലമായിരുന്നു.
സഖാവ് കെ രാജന് അനുമോദനങ്ങള്‍, അഭിവാദനങ്ങള്‍
Discussion about this post