ചെങ്ങന്നൂര്‍: കട്ടപ്പനയില്‍ നിന്ന് പശുക്കളുമായി ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമനാണ് മരിച്ചത്. അതേസമയം ഇയാളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദുരൂഹത ആരോപിച്ച് ഇയാളുടെ മകന് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
കട്ടപ്പനയില്‍ നിന്ന് വെച്ചൂര്‍ പശുക്കളുമായി കഴിഞ്ഞ പതിനാറാം തീയ്യതിയാണ് ഇയാള്‍ മഥുര വൃന്ദാവന്‍ ആശ്രമത്തിലേക്ക് യാത്ര തിരിച്ചത്. 21 ന് ഡല്‍ഹിയിലെത്തിയ ഇയാള്‍, തനിക്ക് സുഖമില്ലെന്നും രക്തം ഛര്‍ദ്ദിച്ചെന്നും തന്നെ ആശുപത്രിയിലാക്കാതെ റൂമില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. 22ന് രാത്രി 9.45 വരെ ഇദ്ദേഹം ഫോണില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു.
തന്നെ എത്രയും പെട്ടെന്ന് വീട്ടിലേക്ക് കൊണ്ടു പോകണമെന്നും അതിനായി മകനോട് ഡല്‍ഹിയിലേക്ക് വരാന്‍ മകനോട് പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മകന് അരുണ്‍ 23 നു വൈകിട്ട് തന്നെ വിമാന മാര്‍ഗം ഡല്‍ഹിയില്‍ എത്തി. തുടര്‍ന്ന് ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആശ്രമത്തിലേക്ക് വരേണ്ടതില്ലെന്നും മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാമെന്നുമാണ് മറുപടി ലഭിച്ചത്. അപ്പോഴാണ് തന്റെ അച്ഛന് മരിച്ച വിവരം അരുണ്‍ അറിയുന്നത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് മൃതദേഹം വിമാന മാര്‍ഗം നാട്ടിലെത്തിച്ചു. തുടര്‍ന്ന് പോലീസ് മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം വീട്ടുക്കാര്‍ക്ക് വിട്ടുനല്‍കും. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുമെന്നുമാണ് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കിയത്.
Discussion about this post