മൂവാറ്റുപുഴ: കടാതി വിവേകാനന്ദ വിദ്യാലയത്തിലെ യോഗാദിന ചടങ്ങുകള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയ കാറിന്റെ മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ അധ്യാപിക മരിച്ചു. അരിക്കുഴ പാലക്കാട്ട് പുത്തന്‍പുര രേവതി (27)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. 21നു സ്‌കൂള്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളെ വരിയായി നിര്‍ത്തുമ്പോഴായിരുന്നു അപകടം.
സ്‌കൂള്‍ അക്കാദമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ട് കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് പാഞ്ഞുവന്നത്. കാറിനു മുന്നില്‍നിന്നു വിദ്യാര്‍ത്ഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രാണവേദനയിലും രേവതി വിളിച്ചു പറഞ്ഞത് ‘ഓടിമാറൂ മക്കളേ…’ എന്നായിരുന്നു. അപകടത്തില്‍ രേവതിക്ക് തലയ്ക്കും നട്ടെല്ലിനും കഴുത്തിലും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മരണപ്പെട്ടത്.
അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും സാരമായി പരിക്കില്ല. ഇത് രേവതിയുടെ ഇടപെടല്‍ മൂലമാണ്. ആശുപത്രിയിലായ രേവതി ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചത് വിദ്യാര്‍ത്ഥികളുടെ കാര്യം തന്നെയായിരുന്നു. മൃതദേഹം ഇന്നു 11നു വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം രണ്ടിന് അരിക്കുഴയില്‍ വെച്ച് നടത്തും. ഹോട്ടല്‍ ജീവനക്കാരനായ ദീപുവാണ് രേവതിയുടെ ഭര്‍ത്താവ്. മൂന്നു വയസ്സുകാരി അദ്വൈതയാണ് മകള്‍.