തിരുവനന്തപുരം: ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി അന്തര്‍സംസ്ഥാന ബസ് ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ നടത്തിവരുന്ന സമരം തുടരും.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്നപേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളില്‍ നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഇത് നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗതാഗതമന്ത്രിയുമായി ബസ് ഉടമകളുടെ സംഘടന ചര്‍ച്ച നടത്തിയത്.
എന്നാല്‍ ആവശ്യം നിരസിച്ച മന്ത്രി പരിശോധന തുടരുമെന്നും വ്യക്തമാക്കി. പകരം, യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല. മന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളെപ്പറ്റി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് തുടക്കും കുറിച്ചത്.
Discussion about this post