ഇടുക്കി: മാട്ടുപ്പെട്ടിയില്‍ പടയപ്പ എന്ന് വിളി പേരുള്ള കാട്ടാനയുടെ കാലിന് പരിക്ക്. മുന്‍വശത്തെ വലതുകാലില്‍ പരുക്കേറ്റ പടയപ്പ സെല്‍ഫി എടുക്കാനെത്തിയ വിനോദ സഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാര്‍ക്കിന്റെ കവാടത്തിന് മുന്നില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
നാട്ടാനയാണെന്ന് കരുതി വിനോദ സഞ്ചാരികള്‍ പടയപ്പയുടെ മുന്നില്‍ വന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാലിനേറ്റ വൃണത്തിന്റെ വേദനയില്‍ കലിത്തുള്ളി പടയപ്പ സഞ്ചാരികളെ ഓടിക്കുകയും അടുത്തുള്ള പെട്ടിക്കടകള്‍ തകര്‍ക്കുകയും ചെയ്തു. പടയപ്പയെ നാട്ടുകാര്‍ ചേര്‍ന്ന് കാട്ടിലേക്ക് ഓടിക്കാന്‍ മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
അതേസമയം എസ്റ്റേറ്റിലെ വാഴകൃഷി നശിപ്പിച്ചശേഷം കാടുകയറിയെങ്കിലും വൈകുന്നേരത്തോടെ ബോട്ടിംങ്ങ് സെന്ററിന് സമീപം വീണ്ടും എത്തി. പടയപ്പ റോഡില്‍ നിലയുറപ്പിച്ചതോടെ വാഹനഗതാഗതം നിലച്ചു. തുടര്‍ന്ന് 5.30ഓടെ കൊമ്പന്‍ കാടുകയറി. ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.