തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ വിനിയോഗിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, റോഡ് വികസനം എന്നിവയ്ക്കുള്‍പ്പെടെ പ്രതിവര്‍ഷം നല്ലൊരുതുക സര്‍ക്കാര്‍ വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ദേവസ്വങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതായി ബോധപൂര്‍വം ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ ചില ശുദ്ധാത്മാക്കള്‍ വിശ്വസിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനകേന്ദ്രം മികവുറ്റതാക്കി തീര്‍ക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് വരികയാണ്. ആചാരങ്ങളില്‍ മാറ്റം വരുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. ഇനിയൊരു പിറകോട്ടു പോക്കുണ്ടാകില്ല. ഭക്തരായ സ്ത്രീകള്‍ക്ക് ആവശ്യമായ ശൗചാലയം, കുളിക്കുന്നതിനുള്ള സംവിധാനം, നിലയ്ക്കലില്‍ താമസിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങള്‍ എന്നിവ ഒരുക്കണം. ഇപ്പോഴുള്ള പ്രതിസന്ധികള്‍ താല്കാലികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരമലയുടെയും സന്നിധാനത്തിന്റെയും പവിത്രത നിലനിര്‍ത്തുമെന്നും അതിന് കളങ്കം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.