കൊച്ചി: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നെടുമ്പാശ്ശേരി സ്വദേശി വള്ളുവന് വീട് വെച്ച് നല്‍കി കേരള പോലീസ്. എറണാകുളം ജില്ലാ പോലീസ് സഹകരണ സംഘമാണ് ഒന്‍പതര ലക്ഷം രൂപ ചെലവില്‍ വള്ളുവന് വീട് നിര്‍മ്മിച്ച് നല്‍കിയത്. പ്രളത്തില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട വള്ളുവന്‍ താത്കാലിക ഷെഡിലാണ് താമസിച്ചിരുന്നത്.
കൂലിപ്പണിക്കാരനാണ് വള്ളുവന്‍. വള്ളുവന്റെ ദുരിത ജീവിതം കണ്ട നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാള്‍ക്ക് വീട് വെച്ച് നല്‍കാന്‍ പോലീസ് സഹകരണസംഘത്തോട് നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ കെയര്‍ ഹോം പദ്ധതില്‍ ഉള്‍പ്പെടുത്തി ഒന്‍പതര ലക്ഷം രൂപ ചെലവില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയത്.
വള്ളുവന് നിര്‍മ്മിച്ച കൊടുത്ത പുതിയ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും പോലീസ് സഹകരണ സംഘം തന്നെയാണ് വാങ്ങി നല്‍കിയത്. അതേസമയം, കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലീസ് സഹകരണ സംഘം നിര്‍മ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം ചൂര്‍ണിക്കരയില്‍ പൂര്‍ത്തിയായി വരികയാണ്.