കോട്ടയം: മഴക്കാലത്തിന്റെ വരവോട് കൂടി മണ്‍സൂണ്‍ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. അതേസമയം, നിപ്പാ വൈറസ് പേടിയില്‍ വിദേശ സഞ്ചാരികള്‍ കുറയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ്പാ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നതോടെ റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവര്‍ ചെറിയ തോതില്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍ നിപ്പാ വൈറസിനെ നമ്മുടെ സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയില്‍ നിന്നുമാണ് മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാന്‍ കുമരകത്തേക്ക് സഞ്ചാരികളെത്തുന്നത്.
24 റിസോര്‍ട്ടുകളും 167 ഹൗസ് ബോട്ടുകളുമാണ് കുമരകത്തുള്ളത്. തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ പായലും മറ്റ് മാലിന്യങ്ങളും ഒഴുകി വേമ്പനാട് കായലിലേക്ക് വരുന്നുണ്ട്. മാലിന്യം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കുമരകം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.