പ്രതിഷേധം ശക്തം; ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം.

സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവും പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രയരിപ്പിക്കുന്ന പ്രധാന ഘടകം.

ഹരികുമാറിന്റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെഎംആന്റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം. സനല്‍ കുമാറിന്റെ കൊലപാതകത്തില്‍ പ്രതിയായതോടെ സസ്‌പെന്‍ഷനിലായ ഡിവൈഎസ്പി ഹരികുമാര്‍ സനലിന്റെ മരണവിവരം അറിഞ്ഞ ശേഷമാണ് ഒളിവില്‍ പോയത്.

Exit mobile version