വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പാഞ്ഞ് കല്ലട ബസ്; സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി പിഴ ഈടാക്കി ഉദ്യോഗസ്ഥര്‍

കോട്ടയത്ത് നിന്നെത്തിയ കല്ലട ബസിനെ പരിശോധിക്കാനായി ചുവന്ന സിഗ്നല്‍ ലൈറ്റ് കാണിച്ചു.

കോട്ടയം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പാഞ്ഞ കല്ലട ബസിനെ പിന്തുടര്‍ന്ന് പിടികൂടി പിഴ ഈടാക്കി. സിനിമാ സ്റ്റൈലിനെ വെല്ലുന്ന ചേയ്‌സിങ്ങാണ് നടന്നത്. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം എംസി റോഡില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപം വാഹനപരിശോധന നടത്തി വരികയായിരുന്നു.

കോട്ടയത്ത് നിന്നെത്തിയ കല്ലട ബസിനെ പരിശോധിക്കാനായി ചുവന്ന സിഗ്നല്‍ ലൈറ്റ് കാണിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ പോവുകയായിരുന്നു. തൊട്ടുപുറകെ വന്ന മറ്റൊരു കല്ലട ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആ ബസിന്റെ ഡ്രൈവറോട് മുന്‍പില്‍ പോയ ബസിന്റെ റൂട്ട് മനസ്സിലാക്കിയ ശേഷം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

ഏറ്റുമാനൂര്‍-എറണാകുളം റൂട്ടില്‍ ഏഴുകിലോമീറ്റര്‍ അകലെ കോതനല്ലൂരില്‍ നിന്നാണ് ബസിനെ പിടികൂടിയത്. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് 1000 രൂപയടക്കം 6000 രൂപയാണ് പിഴ ഈടാക്കിയത്. ശേഷമാണ് വാഹനം വിട്ടു നല്‍കിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രജീഷ് ഹരിദാസ്, എസ് സുനില്‍കുമാര്‍, ഒ അന്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് ബസ് പിടികൂടിയത്. കല്ലട ബസിന്റെ വിവാദങ്ങള്‍ കത്തി നില്‍ക്കെയാണ് വീണ്ടും വീണ്ടും ധാര്‍ഷ്ട്യങ്ങള്‍ പുറത്ത് വരുന്നത്.

Exit mobile version