കൊടുങ്ങല്ലൂര്‍: ക്ലാസില്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്ന ജെസിയെപ്പറ്റി ഒരു വിവരവുമില്ലാതെ വന്നതോടെയാണ് അവളെയും തിരക്കി പൂല്ലൂറ്റ് കെകെടിഎം കോളേജിലെ 92-94 ബാച്ചിലെ പ്രീഡിഗ്രി ബാച്ചുകാര്‍ മാളയിലെ താണിശ്ശേരിയിലെത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവളെ കണ്ടതിലുള്ള സന്തോഷത്തേക്കാള്‍ നെല്ലിശ്ശേരി ജെസി ബൈജുവിന്റെ ദുരിതം നിറഞ്ഞ ജീവിതം കണ്ട് സഹതപിക്കുകയായിരുന്നു സഹപാഠികള്‍.
വിദ്യാര്ത്ഥിസംഗമങ്ങളിലൊന്നും കാണാതായതോടെയാണ് ജെസിയെയും തിരക്കി സഹപാഠികള്‍ ഇറങ്ങിയത്. പ്രാരാബ്ദങ്ങളുടെ നടുവില്‍ കയറിക്കിടക്കാന്‍ സുരക്ഷിതമായൊരു വീടുപോലുമില്ലാതെ ദുരിതം പേറി ജീവിക്കുന്ന ജെസിയെ വെറും സഹതാപത്തോടെ മാത്രം നോക്കിക്കണ്ട് മടങ്ങാന്‍ സുഹൃത്തുക്കള്‍ തയ്യാറായില്ല. ജെസിക്കൊരു വീട് പണിത് നല്‍കാനായിരുന്നു അവരുടെ ലക്ഷ്യം.
തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രീഡിഗ്രി ബാച്ചിലെ എല്ലാ സഹപാഠികളെയും ബന്ധപ്പെട്ടു. ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ ഒരു കൊച്ചു വീടുപണിയാനുള്ള പണം ഇവര്‍ സ്വരൂപിച്ചു. താണിശ്ശേരിയിലെ പഴയ വീടിരുന്നിരുന്ന മൂന്നരസെന്റ് സ്ഥലത്ത് ഏഴരലക്ഷത്തോളം രൂപ ചെലവഴിച്ച് മൂന്നുമുറികളോടുകൂടിയ 700 ചതുരശ്രയടി വിസ്തീര്‍ണമുള്ള മനോഹരമായ വീട് പണിതു.
സഹപാഠിക്കായി സുഹൃത്തുക്കള്‍ പണിത് നല്കിയ വീടിന്റെ താക്കോല്‍ അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ. ദേവകി നന്ദനന്റെയും നാട്ടിലുള്ള സഹപാഠികളുടെയും സാന്നിധ്യത്തില്‍ വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ ജെസിക്ക് സമ്മാനിച്ചു.
Discussion about this post