ചാലക്കുടി: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ച് കയറി കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസ് ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. മദ്യലഹരിയില്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം എന്ന് പോലീസ് വ്യക്തമാക്കി.
നിയന്ത്രണം പൂര്‍ണ്ണമായും വിട്ട കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് നിന്നത്. രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ജോസിനെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം. ചാലക്കുടി ജംഗ്ഷകനിലാണ് അപകടം സംഭവിച്ചത്.
ആനമല ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് ജംഗ്ഷന്‍ വരെയാണ് ജോസിന്റെ കാര്‍ നിയന്ത്രണമില്ലാതെ പാഞ്ഞത്. മുന്നില്‍ ഓടിയിരുന്ന ബൈക്ക് ആദ്യം ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രികരായ ലിജോ, ഭാര്യ അനു, മകന്‍ അലന്‍ എന്നിവര്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനു ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് ചാലക്കുടി സ്വദേശിയായ സതീഷ് ഓടിച്ച ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ മറിഞ്ഞാണ് ഓട്ടോറിക്ഷ വീണത്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ജോസിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലി പൊളിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ജോസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.
Discussion about this post