ഭാഗ്യക്കുറി നിരോധനം ലംഘിച്ചുവെന്ന് ആരോപിച്ച് കേരളത്തിലെ ലോട്ടറി വ്യാപാരിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ്‌ ചെയ്തു; പ്രതിഷേധിച്ചപ്പോള്‍ വിട്ടയച്ചു

പിന്നീട് മറ്റ് ലോട്ടറി വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വിട്ടയച്ചത്

പാറശ്ശാല: കേരളത്തിലെ ലോട്ടറി വ്യാപാരികള്‍ക്കുനേരേ വീണ്ടും തമിഴ്‌നാട് പോലീസിന്റെ അതിക്രമം. തിരുവനന്തപുരം ജില്ലയിലെ കളിക്കാവിളയിലാണ് സംഭവം. ഭാഗ്യക്കുറി മൊത്തവ്യാപാര കേന്ദ്രത്തില്‍നിന്നും ചില്ലറവില്‍പ്പന കേന്ദ്രത്തിലേക്ക് പോയ വ്യാപാരിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്യുകയും ഇരുപതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് മറ്റ് ലോട്ടറി വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വിട്ടയച്ചത്.

ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കളിയിക്കാവിള പിപിഎം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എ ലോട്ടറീസ് ഉടമ ബദറുദ്ദീ(52)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇഞ്ചിവിളയിലെ മൊത്തവിതരണ കേന്ദ്രത്തില്‍നിന്ന് തന്റെ ചില്ലറ വില്‍പ്പനകേന്ദ്രത്തിലേക്ക് ലോട്ടറിയുമായി പോയതായിരുന്നു ബദറുദ്ദീന്‍. തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ ഇവിടെ കാത്തുനിന്ന കളിയിക്കാവിള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബദറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പ്രതിഷേധവുമായി മറ്റ് ലോട്ടറി വ്യാപാരികള്‍ രംഗത്തെത്തിയെങ്കിലും ബധറുദ്ദീനെ വിടാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് അതിര്‍ത്തിയിലെ ലോട്ടറി വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുകയും കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പാറശ്ശാല സിഐയുടെ ഇടപെടലിലൂടെ ബദറുദ്ദീനെ വിട്ടയച്ചത്.

തമിഴ്‌നാട്ടില്‍ ഭാഗ്യക്കുറി നിരോധനം ഉള്ളതിനാലാണ് ടിക്കറ്റുമായി എത്തിയ ബദറുദ്ദീനെ തിഴ്‌നാട്ടിലേക്ക് കടന്നപ്പോള്‍ പിടികൂടിയതെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിശദ്ദീകരണം. ഒരുമാസം മുമ്പ് അതിര്‍ത്തിയിലെ കേരളത്തിന്റെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോട്ടറി ടിക്കറ്റ് വില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് കളിയിക്കാവിള സിഐ വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാരികള്‍ കര്‍മ്മസമിതി രൂപവത്കരിച്ച് മുഖ്യമന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതോടെ കേരളത്തില്‍ നടക്കുന്ന ലോട്ടറി വില്‍പ്പനയില്‍ ഇടപെടരുതെന്ന് കളിയിക്കാവിള പോലീസിന് തമിഴ്‌നാട് പോലീസിലെ ഉന്നതര്‍ നിര്‍ദ്ദേശം നല്‍കി.

Exit mobile version