തൃത്താല: തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ നേതൃത്വത്തില്‍ തൃത്താലയില്‍ നടപ്പിലാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി തകര്‍ന്ന് വീഴുന്ന കാഴ്ചയാണ് തൃത്താലയില്‍ എന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തേത് എന്നവകാശപ്പെട്ട് ചാലിശ്ശേരിയില്‍ നിര്‍മ്മിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം തകര്‍ന്ന് വീണതാണ് അതില്‍ അവസാനത്തേത്.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയ പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയത് വിജിലന്‍സ് അന്വേഷണത്തിലാണ്. കൊട്ടിഘോഷിച്ച് ജില്ലയില്‍ ആദ്യത്തേത് എന്ന് പറഞ്ഞ് ഉദ്ഘാടനം നടത്തിയ പിലാക്കാട്ടിരിയിലെ മാതൃകാ അംഗന്‍വാടിയില്‍ മഴ പെയ്താല്‍ തളം കെട്ടി നില്ക്കുന്ന വെള്ളത്തിലിരിക്കേണ്ട അവസ്ഥയിലാണ് കുട്ടികള്‍.50 ലക്ഷം മുടക്കി പണി കഴിപ്പിച്ച കൂറ്റനാട് ടേക്ക് എ ബ്രേക്ക് കാട് പിടിച്ച് അനാഥമായി കിടക്കുന്നു.
നാഗലശ്ശേരി ഗവ. ഹൈസ്കൂള്‍ നിര്‍മ്മാണത്തിലും എംഎല്‍എയുടെ അനാസ്ഥ കാണാന്‍ കഴിയുമെന്ന് ഡിവൈഎഫ്ഐ പറയുന്നു. എന്നിട്ടും പരാതികള്‍ വക വെക്കാതെ തനിക്കിഷ്ടപ്പെട്ടവര്‍ക്ക് പ്രവൃത്തി നല്കുന്ന എംഎല്‍എയുടെ ദുരൂഹതയിലും ക്രമക്കേടിലും പ്രതിഷേധിച്ച് തൃത്താലയിലും പഞ്ചവടിപ്പാലങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മറ്റി ചാലിശ്ശേരിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം തകര്‍ന്ന് വീണ ബസ് വെയിറ്റിംങ് ഷെഡ് പരിസരത്ത് നിന്ന് തുടങ്ങി ചാലിശ്ശേരി മെയിന്‍ റോഡില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് സെക്രട്ടറി ടിപി ഷഫീക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിന്റെ കെപി പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ പിപി വിജീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എഎ റഷീദ് നന്ദിയും പറഞ്ഞു. ബ്ലോക്ക് സെക്രട്ടേറിയറ്റംഗങ്ങളായ ശിവാസ് ,അനൂപ്, ഷഫീഖ്, അമീന് എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post