തിരുവനന്തപുരം: നാളെ മുതല്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ പണി മുടക്കുമെന്നാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. കര്‍ണാടക, തമിഴ്നാട് അന്തര്‍സംസ്ഥാന റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമരം നടത്തുന്ന കാര്യം അന്തര്‍ സംസ്ഥാന ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബസ് ഉടമകള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നിര്‍ത്തണമെന്നാണ് അവരുടെ ആവശ്യമെങ്കില്‍ അക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ബസുകളില്‍ നടത്തുന്ന പരിശോധനകള്‍ ശക്തമായി മുന്നോട്ടു പോകുമെന്നും കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം.
Discussion about this post