കൊച്ചി: പെട്രോള്‍ പമ്പില്‍ ഫോണ്ചെയ്തതിനെ ചോദ്യം ചെയ്ത പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൂത്താട്ടുകുളം ഇന്ത്യന്‍ ഓയില്‍ പമ്പിലെ ജീവനക്കാരനായ വഴിത്തല സ്വദേശി അമല്‍ ദിവാകരനാണ് മര്‍ദ്ദനത്തിനിരയായത്. പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഓട്ടോ ഡ്രൈവറായ രാജു എന്നയാള്‍ പമ്പില്‍ ഫോണ്‍ ചെയ്യുന്നത് തടഞ്ഞിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ ചെയ്യുന്നതിനെ അമല്‍ എതിര്‍ത്തതിനെ തുടര്‍ന്ന് രാജു സുഹൃത്തായ മനോജിനെയും പമ്പിലേക്ക് വിളിച്ചു വരുത്തി. ഇയാള്‍ക്കൊപ്പം മറ്റു രണ്ട് പേരുമുണ്ടായിരുന്നു. തുടര്‍ന്ന് പമ്പിലെത്തിയ ഇവര്‍ അമലിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ഡീസല്‍ അടിക്കുന്ന നോസില്‍ ഉപയോഗിച്ചുള്ള അടിയേറ്റ് അമലിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രാജു, മനോജ് എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Discussion about this post