ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിക്ക് ആലപ്പുഴ ഒരുങ്ങുകയാണ്, അതുപോലെ ആലപ്പുഴക്കാരും. വള്ളംകളിക്ക് പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബുക്ക് മൈ ഷോയിലൂടെയായിരിക്കും ടിക്കറ്റ് വില്‍പ്പന നടക്കുക. മറ്റ് രണ്ട് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാനുള്ള ക്രമീകരണം ഉടന്‍തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരിട്ട് നല്കുന്ന ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്.
ഇത്തവണ ഹരിതചട്ടം പാലിച്ച് തന്നെയായിരിക്കും വള്ളംകളി നടക്കുക. പ്ലാസ്റ്റിക് കുപ്പികളോ പ്ലാസ്റ്റിക് ഉല്പന്നങ്ങളോ വള്ളംകളി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. ശുചിത്വമിഷനോടും ഹരിതകേരള മിഷനോടും വേണ്ട സഹായം എന്‍ടിബിആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെഹ്രുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം സച്ചിന് തെണ്ടുല്‍ക്കര്‍ ഉദ്ഘാടനം ചെയ്യാനാണ് സാധ്യത.
അദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങളും ആരംഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ തവണ നെഹ്രുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യുന്നതിന് സച്ചില്‍ വരാമെന്ന് ഏറ്റതാണ്. പ്രളയംമൂലം വള്ളംകളി മാറ്റിവച്ചതിനാല്‍ പിന്നീട് സച്ചിന് എത്തിച്ചേരാന്‍ സാധിക്കാതെയും വന്നു. ഇത്തവണ സച്ചിനെ ഏങ്ങനെയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംഘാടകരും. 29-ന് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടക്കുന്ന എന്‍ടിബിആര്‍ യോഗത്തില്‍ ഉദ്ഘാടകനെ സംബന്ധിച്ചുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വള്ളംകളി ലീഗിനും ഈ നെഹ്രുട്രോഫിയോടെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് വള്ളംകളി ലീഗിന്റെ ഉദ്ഘാടനം നടത്തുമെന്നാണ് വിവരം.
Discussion about this post