ഇടുക്കി: മൂന്നാറില്‍ കൂടിയുള്ള ട്രെയിന്‍ സര്‍വീസ് മലയാളികളുടെ ഏറെ നാളത്തെ സ്വപ്‌നമാണ്. ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ കാലത്താണ് മൂന്നാറില്‍ കൂടെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നത്. ഈ പഴയ പാതകള്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ബ്രീട്ടീഷുകാരുടെ കാലത്തുണ്ടായ ട്രെയിന്‍ സര്‍വീസ് 1924ലുണ്ടായ പ്രളയത്തിലാണ് തകര്‍ന്നടിഞ്ഞത്. ഈ പാതകള്‍ കണ്ടെത്തുന്നതിനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള പരിശോധനകളാണ് ഇപ്പോള്‍ നടന്നത്.
പാത കണ്ടെത്തുന്നതിന്റെ ഭാഗമായി മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ പ്രദേശങ്ങളില്‍ പരിശോധന നടന്നു. പ്രാഥമികപരിശോധനയുടെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ ഉന്നതതല സംഘവും വിദഗ്ദ്ധരും പഠനം നടത്തിയ ശേഷമായിരിക്കും റെയില്‍ പാതയുടെ തുടര്‍നടപടി.
മൂന്നാറില്‍ ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് നിര്‍മ്മിക്കുക. പരീക്ഷണം വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഇടയില്‍ കൂടെ തീവണ്ടി കുതിച്ച് പായും. ജില്ലാ ടൂറിസം വകുപ്പാണ് ഈ ആശയം മുന്നോട്ട് വെച്ചത്. റെയില്‍പാത ഇപ്പോള്‍ കെഡിഎച്ച്പി കമ്പനിയുടെ കൈവശത്തിലാണുള്ളത്. ഈ പാത വിട്ടുകിട്ടുന്നതിന് വേണ്ടി കമ്പനിയുമായും അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നാരോഗേജ് ആവി എന്‍ജിന്‍ മാതൃകയിലായിരിക്കും നിര്‍ദ്ദിഷ്ട റെയില്‍വേ സര്‍വീസ് നിര്‍മ്മിക്കുക. ഈ ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ മൂന്നാറിലെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടാവുക എന്നാണ് അധികൃതരുടെ പ്രതീക്ഷ.