കൊച്ചി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ പരിഹസിച്ച് എംബി രാജേഷ് എംപി. മോഡിക്ക് പകരം ന്യായീകരണത്തിനായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെയാണ് രംഗത്തിറക്കിയതെന്നും എംപി വിമര്‍ശിക്കുന്നു. ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കലും കള്ളപ്പണം പിടിച്ചെടുക്കലും മുഖ്യലക്ഷ്യങ്ങളായി മുന്നോട്ട് വെച്ച് നടപ്പിലാക്കിയ 500,1000 കറന്‍സികളുടെ അസാധുവാക്കല്‍ പാളിയതിന് തെളിവുകള്‍ അക്കമിട്ട് നിരത്തിയാണ് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയെന്നപോലെയാണ് തങ്ങളുടെ കൂട്ടത്തില്‍ ജയ്റ്റ്‌ലി വക്കീല്‍ എന്നാണ് സംഘികള്‍ സ്വയം അവകാശപ്പെടാറുള്ളത്. ജയ്റ്റ്‌ലി വക്കീല്‍ നിയമത്തില്‍ പുലിയാണെങ്കില്‍ സാമ്പത്തികശാസ്ത്ര ജ്ഞാനത്തില്‍ വെറും എലിയാണെന്നാണ് സംഘിക്കൂട്ടത്തില്‍ അറിയപ്പെടുന്ന ദോഷൈകദൃക്കായ സുബ്രഹ്മണ്യസ്വാമി തന്നെ പറയുന്നത്. ഹാര്‍വാര്‍ഡില്‍ നിന്ന് വന്ന സ്വാമി ഒരിക്കല്‍ പറഞ്ഞത് ഒരു പോസ്റ്റ് കാര്‍ഡിന്റെ പിന്നില്‍ എഴുതിയാല്‍ തീരുന്നത്ര സാമ്പത്തികശാസ്ത്ര പരിജ്ഞാനമേ ജയ്റ്റ്‌ലിക്കുള്ളൂ എന്നാണ്. (ഒരു പക്ഷേ അതുകൊണ്ടു ത ന്നെ ആയിരിക്കണം ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റ ജയ്റ്റ്‌ലിയെ തന്നെ പിടിച്ച് മോദി ധനമന്ത്രിയാക്കിയത്). പറഞ്ഞത് കെണിയനായ സ്വാമിയാണെങ്കിലും കുറച്ച് കാര്യമുണ്ടെന്ന് ഡിമോണിറ്റൈസേഷന്റെ രണ്ടാം വാര്‍ഷികത്തില്‍ ജയ്റ്റ്‌ലിയുടെ ന്യായീകരണം കേട്ടപ്പോള്‍ തോന്നി. ധനമന്ത്രിയെ മറികടന്ന് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി മോദി രണ്ടാം വാര്‍ഷിക ദിനത്തില്‍ ഒളിവിലായിരുന്നല്ലോ. നെഞ്ചിന് വീതിയും നാവിന് നീളവും കൂടുതല്‍ ഉള്ള മോദിയെ തന്റെ വീരകൃത്യങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് നെഞ്ചുവിരിച്ച് വാചാലനാവാന്‍ ഇന്നലെ എവിടെയും കണ്ടില്ല. തന്റെ പരാക്രമത്തിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ നരേന്ദ്രന്‍ മൗനേന്ദ്രനായി മാളത്തിലേക്ക് വലിഞ്ഞു. സാമ്പത്തികശാസ്ത്രം വലിയ വശമില്ലെന്ന് സ്വാമി സാക്ഷ്യപ്പെടുത്തിയ ജയ്റ്റ്‌ലി വക്കീലിനെ ന്യായീകരണ തൊഴിലാളിയായി അരങ്ങത്തെത്തിക്കുകയും ചെയ്തു. ജയ്റ്റ്‌ലി വക്കീലിന്റെ പുതിയ വാദം സമ്പദ് വ്യവസ്ഥയില്‍ എത്ര പണം സര്‍ക്കുലേഷനില്‍ ഉണ്ടെന്ന് കണ്ടെത്താനായിരുന്നു നോട്ട് റദ്ദാക്കല്‍ എന്നാണ്. ഞാന്‍ മത്സ്യം കഴിക്കുന്നത് എനിക്കു വേണ്ടിയല്ല എന്റെ പൂച്ചക്ക് മുള്ളു കൊടുക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണെന്ന് പണ്ടൊരാള്‍ പറഞ്ഞതാണ് അത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.നോട്ടെണ്ണി തിട്ടപ്പെടുത്താന്‍ വേണ്ടിയാണ് മോദിയും ജയ്റ്റ്‌ലിയും ഇതൊക്കെ ചെയ്തതത്രേ! വക്കീല്‍ മറ്റൊന്നു കൂടി പറഞ്ഞു. ആളുകളെ പണമിടപാടുകളില്‍ നിന്ന് അകറ്റി ഡിജിറ്റല്‍ ഇടപാടുകളിലേക്ക് നയിക്കലായിരുന്നത്രേ പ്രധാന ലക്ഷ്യം. എന്നാല്‍ റിസര്‍വ് ബാങ്ക് പറയുന്നത് ഒക്ടോ.26 ലെ കണക്കനുസരിച്ച് സര്‍ക്കുലേഷനിലുള്ള കറന്‍സി 19.6 ലക്ഷം കോടിയായി ഉയര്‍ന്നു എന്നാണ്. രണ്ടു വര്‍ഷത്തിനിടയില്‍ കറന്‍സി സര്‍ക്കുലേഷന്റെ വര്‍ദ്ധന 9.5%.
രണ്ട് വര്‍ഷം മുമ്പ് രാത്രിയില്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ വന്ന് നിന്ന് 56 ഇഞ്ച് വിരിച്ച് മിത്രോം…എന്ന് വിളിച്ച് ഈ കടുംകൈ ചെയ്യുമ്പോള്‍ മോദി പറഞ്ഞ മറ്റ് മൂന്ന് ലക്ഷ്യങ്ങളെക്കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടമില്ല. കള്ളനോട്ട് തടയല്‍, തീവ്രവാദം ചെറുക്കല്‍,കള്ളപ്പണം പിടിക്കല്‍ എന്നീ നുണകള്‍ക്ക് പകരം ഇപ്പോള്‍ പുതിയവയാണ്. 201617 വര്‍ഷത്തില്‍ മാത്രം പുതിയ രണ്ടായിരത്തിന്റെ പിടിച്ചെടുത്ത കള്ളനോട്ടുകള്‍ 18000 ആണ് (രാംമനോഹര്‍ റെഡ്ഢി, ദി മിന്റ്06.11.2018) പിടിക്കപ്പെടാതെ പ്രചരിക്കുന്നവ അപ്പോള്‍ എത്രയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഡിമോണിറ്റൈസേഷന്റെ മുമ്പത്തെതുപോലെ തന്നെ യഥേഷ്ടം കള്ളനോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നത് ഇന്നത്തെ ഹിന്ദു പത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്തയില്‍ പറയുന്നുണ്ട്. പിടിച്ചെടുത്ത കള്ളനോട്ടുകളുടെ 90%വും പുതിയ 2000 ത്തിന്റേതാണ്. (ചിപ് വച്ച് നോട്ടു പോകുന്ന വഴി മോദിയുടെ ഓഫീസിലിരുന്ന് കണ്ടെത്താന്‍ പറ്റുമെന്ന് സംഘികള്‍ തള്ളിയ അതേ പുതിയ 2000 ത്തിന്റെ നോട്ടു തന്നെ.) തീവ്രവാദത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ പറയുന്നത് കാശ്മീര്‍ മുതല്‍ താഴോട്ട് തീവ്രവാദ പ്രവര്‍ത്തനം മുമ്പെന്നത്തെക്കാള്‍ പെരുകിയെന്നാണ്. റദ്ദാക്കിയ നോട്ടുകളില്‍ ചുരുങ്ങിയത് നാലുലക്ഷം കോടിയെങ്കിലും തിരിച്ചു വരില്ലെന്നും അങ്ങനെ വന്നാല്‍ പറയുന്ന പണി ചെയ്യാമെന്നും ചാനലുകളിലിരുന്ന് വീരസ്യം പറഞ്ഞ ചില കേരള സംഘികളുണ്ട്. (അവരിപ്പോള്‍ ശബരിമലയില്‍ കല്ലെറിയല്‍, മൂത്രമൊഴിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്) എന്നാല്‍ വിവരദോഷികളായ കേരള സംഘികളുടെ വീരസ്യം മാത്രമായിരുന്നില്ല ഇത്. 2016 അവസാനം ഡിമോണിറ്റൈസേഷനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി കേള്‍ക്കുമ്പോള്‍ മോദിയുടെ അറ്റോര്‍ണി ജനറല്‍ തന്നെ പറഞ്ഞത് മൂന്നില്‍ ഒന്ന് നോട്ടെങ്കിലും തിരിച്ചു ബാങ്കുകളില്‍ എത്തില്ലെന്നും അത്രയും കള്ളപ്പണം നശിപ്പിക്കപ്പെടും എന്നുമായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ 201718 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 99.3% നോട്ടും തിരിച്ചെത്തി. വീരസ്യം പറഞ്ഞ സംഘികള്‍ക്കുണ്ടോ നാണം? കാണ്ടാമൃഗങ്ങള്‍ക്ക് ചമ്മലില്ലല്ലോ.
ജയ്റ്റ്‌ലി വക്കീലിന് വേറെ ഒരു അവകാശവാദവുമുണ്ട്. നോട്ട് റദ്ദാക്കിയപ്പോള്‍ ആളുകള്‍ ദുരിതക്കടലില്‍ ആയെങ്കിലെന്താ നികുതിദായകരുടെ എണ്ണം കൂടിയില്ലേ എന്നാണ് വക്കീല്‍ ചോദിക്കുന്നത്. പ്രത്യക്ഷനികുതി പിരിവ് 1718 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 18% വര്‍ദ്ധിച്ചു എന്ന് ജയ്റ്റ്‌ലി വക്കീല്‍ പറയുമ്പോള്‍ കയ്യടി പരിവാരം ഓര്‍മ്മിക്കുക, ഇത് ചരിത്രത്തില്‍ ആദ്യമായിട്ടല്ല. മുമ്പും ഉണ്ടായിട്ടുണ്ട്. 201011 ലും പ്രത്യക്ഷ നികുതി വരവ് അതിനു മുമ്പുള്ള വര്‍ഷത്തെക്കാള്‍ 18% കുതിച്ചുയരുകയുണ്ടായി. അത് പിന്നീട് കുറഞ്ഞിട്ടുമുണ്ട്. പ്രത്യക്ഷ നികുതി പിരിവിലെ വര്‍ദ്ധന ഡിമോണിറ്റൈസേഷന്റെ കണക്കില്‍ എഴുതും മുന്‍പ് നികുതി പിരിവിന്റെ പഴയ കണക്കുകളും ചരിത്രവും കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിലും സംഘികള്‍ക്കെന്ത് കണക്കും ചരിത്രവും. മാത്രമല്ല നികുതിദായകരുടെ എണ്ണം കൂടിയെന്നും അവകാശവാദമുണ്ട്. അത് ശരിതന്നെ. എന്നാല്‍ നികുതിദായകരുടെ എണ്ണം കൂടിയെന്ന് ഉറക്കെപ്പറയുന്ന സര്‍ക്കാര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അടച്ച ശരാശരി നികുതി 32% കുറഞ്ഞു എന്ന വസ്തുത മിണ്ടുന്നില്ല. 2017 ലും 18 ലും നികുതിദായകരുടെ എണ്ണം യഥാക്രമം 39% വും 24%വും വര്‍ദ്ധിച്ചപ്പോള്‍ അടച്ച ശരാശരി നികുതി 44,000 ത്തില്‍ നിന്ന് 40,200 രൂപയായി കുറയുകയാണ് ചെയ്തത്. നടപ്പുവര്‍ഷം വീണ്ടുമത് 27,083 രൂപയായി കുറഞ്ഞു. (ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് 23.10.2018). നികുതിദായകരുടെ എണ്ണം കൂടിയെങ്കിലും അടക്കുന്ന ശരാശരി നികുതി ഗണ്യമായി കുറഞ്ഞു. എണ്ണം കൂടിയതിനനുസരിച്ചുള്ള ആനുപാതികമായ വര്‍ദ്ധനവ് നികുതി വരുമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്നര്‍ത്ഥം. ഇതെ കാലയളവിലാണ് ബാങ്ക് വായ്പാ വളര്‍ച്ചാ നിരക്ക് 60 വര്ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയതെന്നത് വക്കീല്‍ മറന്നു. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു എന്നും ജയ്റ്റ്‌ലി അവകാശപ്പെടുന്നുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആദ്യം ഇരക്കാന്‍ നടന്നതും ഇപ്പോള്‍ പിടിച്ചു പറിക്കാന്‍ നില്‍ക്കുന്നതും.
ഡിമോണിറ്റൈസേഷന്റെ രണ്ടാം വാര്‍ഷികം പിന്നിടുമ്പോള്‍ ബാക്കിയായതെന്താണ്? കോഹ്ലിരോഹിത് സഖ്യത്തെപ്പോലെ സെഞ്ച്വറിയിലേക്ക് മത്സരിച്ചു കുതിക്കുന്ന പെട്രോള്‍,ഡീസല്‍ വിലകള്‍.ബാറ്റിങ്ങ് പിച്ചിലെ കൂറ്റന്‍ ടോട്ടലിനെ ഓര്‍മ്മിപ്പിക്കുന്ന പാചക വാതക വില, പഴയപ്രതാപം നഷ്ടപ്പെട്ട ഓസീസ് ബാറ്റിങ്ങ് നിരയെ അനുസ്മരിപ്പിക്കുന്ന രൂപയുടെ റെക്കോഡ് മൂല്യത്തകര്‍ച്ച, ആറാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളര്‍ത്തിയെന്ന മേനിപറച്ചിലുകള്‍ക്കിടയില്‍ ഏഷ്യന്‍ കറന്‍സികള്‍ക്കിടയില്‍ രൂപയുടെ ഏറ്റവും വലിയ തകര്‍ച്ച15%ഡോളറുമായി രൂപക്കുണ്ടായി. (ഈ ജനുവരിക്കു ശേഷം). യൂറോയുമായി 11% വും പൗണ്ടുമായി 13% വും തകര്‍ച്ച. രൂപ കൂപ്പുകുത്തി വീണിട്ടും കയറ്റുമതി കരകയറിയുമില്ല. എവിടെ പരിപാടി അവതരിപ്പിച്ചാലും രൂപയുടെ ഗതി ഇതുതന്നെ.
ആദ്യം ഡിമോണിറ്റൈസേഷനും പിന്നാലെ ജി.എസ്.ടി.യും തൊഴിലില്ലായ്മയുടെ നടുക്കയത്തിലേക്ക് എടുത്തെറിഞ്ഞ ദശലക്ഷങ്ങള്‍ക്ക് ഉപജീവനത്തിനായി ഒരു കച്ചിത്തുരുമ്പും അവശേഷിക്കുന്നില്ല. സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കോണമിയുടെ ഇന്ന് വന്ന പഠനം അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് (6.9%). മോദി താങ്കള്‍ പൊളിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അസ്ഥിവാരത്തെ. ചുരുങ്ങിയ കാലം കൊണ്ട് തകര്‍ച്ചയുടെ എത്ര സര്‍വ്വകാല റെക്കോഡുകളാണ് ക്യാപ്റ്റന്‍ മോദിയുടെ നേതൃത്വത്തിലുള്ള ടീം എന്‍.ഡി.എ സൃഷ്ടിച്ചത്. ഇനി ജനങ്ങള്‍ നിങ്ങള്‍ക്ക് റെക്കോഡുകള്‍ ചാര്‍ത്തി തരുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നത് തുടങ്ങിക്കഴിഞ്ഞു. 85,000 വോട്ടിന് ജയിച്ച ബെല്ലാരി രാജയുടെ തട്ടകത്തില്‍ 2.45 ലക്ഷം വോട്ടിന് തോല്‍ക്കുന്നത് ചില്ലറ റെക്കോഡൊന്നുമല്ലല്ലോ. 2014 നു ശേഷം നടന്ന 20 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ 16 സീറ്റുകളിലും തോറ്റത് മോശം റെക്കോഡാണോ? ബെല്ലാരിക്കു മുന്‍പേ ഗോരഖ്പൂരിലേയും ഫൂല്‍പൂരിലെയും ആദിത്യനാഥിന്റെ ഹോംപിച്ചുകളില്‍ പോലും തോറ്റത് വരാനിരിക്കുന്ന റെക്കോഡുകളുടെ സൂചനയാണ്. എത്ര മൂത്രമൊഴിച്ചാലും ചോരവീഴ്ത്തിയാലും വിശ്വാസത്തിന് തെരുവില്‍ തീ കൊളുത്തിയാലും രക്ഷയുണ്ടാകുമെന്നും തോന്നുന്നില്ല. നോട്ട് റദ്ദാക്കിയ നിങ്ങളെ തന്നെ റദ്ദാക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. അത് തടഞ്ഞു നിര്‍ത്താന്‍ അയോധ്യയില്‍ നിന്ന് രാമനേയും ശബരിമലയില്‍ നിന്ന് അയ്യപ്പനെയുമൊക്കെ ഇറക്കി കളിച്ചാലും കഴിയില്ല. ജനം നിങ്ങളെ വലിച്ചു താഴെയിടാന്‍ തയ്യാറായി നില്‍ക്കുകയാണ്.