കൊച്ചി:ബിനോയി കോടിയേരിക്കെതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ ഒരു കാരണവശാലും താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
പരാതി പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണവിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ താനോ പാര്‍ട്ടിയോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ പ്രശ്നം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിനോയി, പ്രായപൂര്‍ത്തിയായ, പ്രത്യേക കുടുംബമായി താമസിക്കുന്ന വ്യക്തിയാണ്. ഇത് സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള പ്രശ്‌നങ്ങളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല.
പാര്‍ട്ടി എന്നുള്ള നിലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും സന്നദ്ധമാവുകയില്ല.
കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം പാര്‍ട്ടിക്കോ, വ്യക്തിപരമായി എനിക്കോ ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. അതിന്റെ ഭാഗമായി വരുന്ന ഫലങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ അനുഭവിക്കണം. അത്തരത്തിലൊരു നിലപാടാണ് ഈ പ്രശ്‌നത്തില്‍ സ്വീകരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പാര്‍ട്ടി ഇടപെടേണ്ടുന്ന ഒരു പ്രശ്‌നമല്ല ഈ വിഷയം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ വ്യക്തിപരമായി പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുണ്ട്.
കുറ്റാരോപിതനായ വ്യക്തിയെ സഹായിക്കുക എന്നതല്ല പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട സമീപനം. അതേ സമീപനമാണ് എന്റെ മകന്റെ പേരിലായാലും ഒരു പാര്‍ട്ടി അംഗമെന്നുള്ള നിലയില്‍ ഞാന്‍ സ്വീകരിക്കുക. മറ്റു കാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനം എടുക്കട്ടെ. അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.