കോട്ടയം: ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തി കോടികളുടെ വിസാതട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 32പേരാണ് ഇതുവരെ തട്ടിപ്പിന് ഇരയായത്. പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ചാരിറ്റബിള്‍ സൊസൈറ്റിയുടേയും ഡല്‍ഹി ബദര്‍പൂരിലുള്ള റോയ് ജോസഫിന്റെ ട്രാവല്‍ ഏജന്‍സിയുടെയും മറവിലായിരുന്നു വിസാ തട്ടിപ്പ്. അമേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതീ യുവാക്കളില്‍ നിന്നും ഇവരുടെ രക്ഷിതാക്കളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.
പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്. തട്ടിപ്പ് മനസ്സിലായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്ന് ഇയാളെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ മോഷണമടക്കം 5 കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കാസര്‍കോട് അടക്കം 4 സ്ഥലങ്ങളില്‍ പ്രതിക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post