കൊച്ചി: എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നതുപോലെ റേഷന്‍കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ ഇനി മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരും. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നത് കര്‍ശനമായി തടയാന്‍ വേണ്ടിയാണ് പുതിയ സംവിധാനം. കാര്‍ഡുടമകള്‍ക്ക് വാങ്ങുന്ന ഉത്പന്നങ്ങളുടെ പേരും അളവും തുടങ്ങി വിശദ്ദമായ വിവരങ്ങള്‍ മൊബൈലില്‍ സന്ദേശമായി ലഭിക്കും.
ഈ മാസം മുതല്‍ സംവിധാനം നടപ്പാക്കും. പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കിയവര്‍ക്കാണ് സന്ദേശം അയക്കുന്നത്. മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താത്തവര്‍ക്ക് ഈ സന്ദേശം ലഭിക്കില്ല. മുമ്പ് മാസം തോറും ലഭിക്കുന്ന സാധനങ്ങളുടെ കൃത്യമായ വിവരം സന്ദേശമായി അയക്കാറുണ്ട്. സ്പെഷ്യല്‍ സാധനങ്ങളുടെ വിവരങ്ങളും അറിയിച്ചിരുന്നു.
വാങ്ങുന്ന സാധനങ്ങളുടെ വിവരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതോടെ റേഷന്‍ തട്ടിപ്പ് പൂര്‍ണ്ണമായും തടയാനാകും. റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ വിഭാഗം, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങള്‍, തൂക്കം, വാങ്ങിയ തിയ്യതി എന്നിവയാണ് സന്ദേശമായി ലഭിക്കുക.
Discussion about this post