കണ്ണീര്‍ വറ്റിയ കണ്ണുകളോടെ ഭാര്യ രുക്മിണി, ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും; പ്രളയകാലത്തെ രക്ഷകനും കൂടിയായ വിനോദ് മണ്ണിലേയ്ക്ക് മടങ്ങി

ചേതനയറ്റ സഹോദരന്റെ ശരീരം വീട്ടു പടിക്കല്‍ എത്തിയപ്പോഴും എല്ലാ സങ്കടം ഉള്ളിലൊതുക്കി അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും വിവേക് ധീരത മുറുകെ പിടിച്ചു.

കോയമ്പത്തൂര്‍: പോയ വര്‍ഷം മഹാപ്രളയത്തിന്റെ കെടുതിയില്‍ വലയുകയായിരുന്നു കേരളം. അവിടെ നിന്നും കൈപിടിച്ച് ഉയര്‍ത്താന്‍ വന്നവരില്‍ പ്രധാനിയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥരില്‍ മലയാളിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ എച്ച് വിനോദ്. സ്‌കൂള്‍ പഠനകാലം മുതല്‍ക്കെ വിനോദിനും സഹോദരന്‍ വിവേകിനും സൈനിക സേവനമായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തില്‍ എത്തിപ്പിടിക്കുകയും ചെയ്തു.

ചേതനയറ്റ സഹോദരന്റെ ശരീരം വീട്ടു പടിക്കല്‍ എത്തിയപ്പോഴും എല്ലാ സങ്കടം ഉള്ളിലൊതുക്കി അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും വിവേക് ധീരത മുറുകെ പിടിച്ചു. ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും, കണ്ണീര്‍ വറ്റിയ കണ്ണുകളോടെയുമാണ് ഭാര്യ രുക്മിണിയും വിനോദിനെ യാത്രയാക്കിയത്. ജൂണ്‍ മൂന്നിനാണ് വിനോദുള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുമായി വിമാനം അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതാവുന്നത്. ലിപോ വനമേഖലയില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ജൂണ്‍ 12-ഓടെ വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു.

തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ നടുവിലാര്‍മഠത്തില്‍ പരേതനായ പിവി ഹരിഹരന്റെയും തങ്കമണിയുടെയും മകനാണ് വിനോദ്. കുടുംബത്തോടൊപ്പം കോയമ്പത്തൂര്‍ സിങ്കാനല്ലൂരിലായിരുന്നു താമസം. 2011-ല്‍ ആണ് വായുസേനയില്‍ ചേരുന്നത്. 2016-ല്‍ ആയിരുന്നു കൊല്ലങ്കോട് സ്വദേശിനി രുക്മിണിയുമായുള്ള വിവാഹം. വെള്ളിയാഴ്ച രാവിലെയാണ് സൂലൂര്‍ വ്യോമസേനാകേന്ദ്രത്തില്‍ വിനോദിന്റെ മൃതദേഹം എത്തിച്ചത്. കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി പാലക്കാട് എഡിഎം എന്‍എം മെഹര്‍ അലി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന്, സിങ്കാനല്ലൂര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

Exit mobile version