ശബരിമല: മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ തിരിച്ചറിയല്‍ കാര്‍ഡും വാഹനങ്ങള്‍ക്ക് പോലീസ് പാസും കര്‍ശനമാക്കി. മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നീക്കം.
ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പോലീസ് സ്റ്റേഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി വേണം ശബരിമലയിലേക്ക് യാത്ര വരാന്‍. പാസ് കാണത്തക്കവിധം വാഹനങ്ങളുടെ മുന്‍ ഗ്ലാസില്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളില്‍ ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കേണ്ടതും അവിടെ നിന്നും നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം 13ന് മുമ്പ് കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള 550 സ്ത്രീകള്‍ ഉള്‍പ്പെടെ ആകെ രണ്ടരലക്ഷംപേരാണ് പോലീസിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തത് ശബരിമല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ചിത്തിര ആട്ട പൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതീപ്രവേശനം ആരോപിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്യാന്‍ നടപടി തുടങ്ങി.
ശബരിമലയില്‍ അധികം കാത്തുനില്‍ക്കാതെ ദര്‍ശനം സാധ്യമാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് പോലീസ് വെബ്‌പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയത്. വെല്‍ച്ച്വല്‍ ക്യൂവില്‍ ഇതുവരെ രണ്ടരലക്ഷത്തിലേറെപ്പേര്‍ പേര് റജിസ്റ്റര്‍ ചെയ്തു. ഇതില്‍ പത്തിനും അന്‍പതിനും മധ്യേ പ്രായമുള്ള 550 സ്ത്രീകള്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ പമ്പയില്‍ പോകാന്‍ ഇതുവരെ നാല്‍പ്പതിനായിരം പേര്‍മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളൂ. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. യുവതികള്‍ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം. അതേസമയം ചിത്തിര ആട്ട പൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതീപ്രവേശം ആരോപിച്ച് പ്രതിഷേധിച്ച 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ ആല്‍ബം പ്രസിദ്ധീകരിച്ചു.