തിരുവനന്തപുരം: സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ബാക്കി ഉണ്ടെന്നിരിക്കെ അച്ചടക്കമില്ലായ്മയുടേയും അഴിമതി ആരോപണത്തിന്റേയും പേരില്‍ സ്ഥാനം തെറിക്കാന്‍ സാധ്യതയുള്ള ഐഎഎസ് ഓഫീസര്‍ രാജു നാരായണസ്വാമി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത്. താന്‍ അറിയാതെയാണ് തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതെന്നാണ് രാജു നാരായണ സ്വാമിയുടെ ആരോപണം. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനു നേരത്തെ നല്‍കിയിരുന്നു.
കേന്ദ്ര- സംസ്ഥാന സര്‍വ്വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായില്ല, കേന്ദ്ര സര്‍വ്വീസില്‍ തിരിച്ചെത്തിയത് സര്‍ക്കാറിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം എവിടെയാണെന്നതിന് രേഖകളില്ല തുടങ്ങിയ നിരവധി സര്‍വീസ് ചട്ടലംഘനങ്ങളാണ് രാജു നാരായണസ്വാമിക്കെതിരായി സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.
അതേസമയം, നാളികേര വികസന ബോര്‍ഡിലെ അഴിമതി താന്‍ തുറന്നുകാട്ടിയതാണ് തനിക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്നും, അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണിതെന്നും രാജു നാരായണ സ്വാമി ആരോപിക്കുന്നു. ചീഫ് സെക്രട്ടറി അഴിമതിക്കാരനാണ്. മൂന്നാര്‍ വിഷയം മുതലാണ് സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതെന്നും അദ്ദേഹം കടുത്തഭാഷയില്‍ ആരോപിച്ചു.
പിരിച്ചുവിടാനുള്ള കേരളത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണസ്വാമി.