കാഞ്ഞിരപ്പള്ളി: അറക്കാന്‍ കൊണ്ടുവന്ന കാളയെ കണ്ണില്‍ മുളക് തേച്ച് മര്‍ദ്ദിച്ച നിലയില്‍
റോഡരികില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്തിന് സമീപം കാള അവശനിലയില്‍ കിടക്കുന്നത് നാട്ടുകാരാണ് കണ്ടത്. വാലില്‍ ചതവേറ്റ് രക്തം പൊടിയുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് കാളയെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കാളയെ നാട്ടുകാര്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലുകള്‍ ഒടിഞ്ഞ നിലയിലും കണ്ണുകളില്‍ മുളക് പൊടി തേച്ച നിലയിലുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കാളയുടെ കണ്ണ് വെള്ളമൊഴിച്ച് കഴുകി. അറവുശാലയിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്നും വലിച്ചിറക്കിയപ്പോഴാണ് കാളയുടെ കാലുകള്‍ ഒടിഞ്ഞതെന്ന് ഇവര്‍ പറയുന്നു.
തമിഴ്‌നാട് സ്വദേശിയാണ് കാളയെ ലോറിയില്‍ കൊണ്ടുവന്നത്. ഇയാള്‍ കാളയെ തിരിച്ചുകൊണ്ടുപോകാനായി സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം കാഞ്ഞിരപ്പള്ളി പോലീസിനെ അറിയിക്കുകയായിരുന്നു. കാളയെ കാഞ്ഞിരപ്പള്ളിയിലെ അറവുശാലയിലേക്ക് കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തു. വെള്ളിയാഴ്ച വെറ്ററിനറി ഡോക്ടര്‍ പരിശോധന നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.