തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളര്‍ന്നു. സംഘടനയുടെ ജന്മദിനം പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായാണ് ആഘോഷിക്കുന്നത്. കോട്ടയത്താണ് ജോസ് കെ മാണി വിഭാഗം ജന്മദിനം ആഘോഷിക്കുന്നന്നത്. പിജെ ജോസഫ് വിഭാഗം തിരുവനന്തപുരത്തും ആഘോഷിക്കും. യൂത്ത് ഫ്രണ്ടിന്റെ 49 – ജന്മദിനമാണ് ആഘോഷിക്കുന്നത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പിജെ ജോസഫിനൊപ്പമാണ്.
എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ടും രണ്ടായതായാണ് സൂചന. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്ത് നിലപാട് അറിയിക്കാതിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ടും രണ്ട് തട്ടിലായത്. ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജന്‍ തൊടുകയിലിന്റെ നേതൃത്വത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആഘോഷ പരിപാടികള്‍.
അതെസമയം, വിമത വിഭാഗം എന്ത് ചെയ്‌തെന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിനും പുതിയ പ്രസിഡന്റ് വന്നത്.
യൂത്ത് ഫ്രണ്ടിന്റെ ഔദ്യോഗിക വിഭാഗമാണ് തിരുവനന്തപുരത്ത് യോഗം നടത്തിയതെന്ന് പിജെ ജോസഫ്
കൂട്ടിച്ചേര്‍ത്തു.