കൊച്ചി: തന്റെ പിതാവിനെ കൊന്നവരെന്ന് ആരോപിക്കപ്പെടുന്ന ദമ്പതികളുടെ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രതിയുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. 2005 സെപ്റ്റംബര്‍ 14ന് സാബു എന്ന യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ പ്രതി കോഴിക്കോട് മാങ്കാവ് കല്ലുവെട്ടുകുഴിയില്‍ വീട്ടില്‍ മണികണ്ഠനെ കോഴിക്കോട് സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.
ജീവപര്യന്തം തടവും 25,000 രൂപ പിഴയുമെന്ന വിധി ഇപ്പോള്‍ ജസ്റ്റിസ് എഎം ഷഫീഖ്, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.സെഷന്‍സ് കോടതി ഉത്തരവിനെതിരെ മണികണ്ഠന്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതി തള്ളി.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ച് സാബുവിനെ വെട്ടിയശേഷം ഓട്ടോയില്‍ കയറി കസബ സ്‌റ്റേഷനിലെത്തിയ പ്രതി ”എന്റെ അച്ഛനെ കൊന്നവനെ ഞാന്‍ വെട്ടി” എന്നുപറഞ്ഞ് കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തില്‍ 2014 മാര്‍ച്ച് 31നാണ് സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.
എന്നാല്‍, പ്രതി പിന്നീട് താന്‍ കീഴടങ്ങിയിട്ടില്ലെന്നും പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാണിച്ച് ഹൈക്കോടതിയില്‍ അപ്പീലിന് പോവുകയായിരുന്നു. അതേസമയം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചതെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാരന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് കീഴ്‌ക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി. കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതായും ഹൈക്കോടതി വ്യക്തമാക്കി.