കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ ഇനി പോലീസ് അനുമതി പത്രം നിര്‍ബന്ധം; ഉത്തരവ് പതിപ്പിച്ചു

പെട്രോള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പോലീസിന്റെ വിശദീകരണം.

പന്തളം: ഇനി മുതല്‍ സംസ്ഥാനത്ത് കന്നാസുകളിലും കുപ്പികളിലും പെട്രോള്‍ വാങ്ങിക്കണമെങ്കില്‍ പോലീസിന്റെ അനുമതി പത്രം നിര്‍ബന്ധം. കന്നാസിലും കുപ്പിയിലും പെട്രോള്‍ നല്‍കാന്‍ പാടില്ലെന്ന പോലീസിന്റെ അറിയിപ്പ് എല്ലാ ഇന്ധനവിതരണ കേന്ദ്രങ്ങളിലും പതിച്ചു. പെട്രോള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പോലീസിന്റെ വിശദീകരണം.

അതേസമയം, പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാവുക. കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന കര്‍ഷകരും യന്ത്രത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഇനി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരും. യാത്രമധ്യേ വാഹനങ്ങളില്‍ പെട്രോള്‍ തീര്‍ന്നു പോകുന്ന യാത്രക്കാര്‍ ആദ്യം പോലീസ് സ്‌റ്റേഷനിലെത്തി അനുമതി വാങ്ങിയിട്ട് വേണ്ടി വരും പമ്പിലേക്ക് തിരിക്കാന്‍. അല്ലെങ്കില്‍ അടുത്ത പമ്പുവരെ വാഹനം എത്തിച്ചാല്‍ മാത്രമേ പെട്രോള്‍ നിറക്കാനാവൂ.

എങ്കിലും, ഈ നിബന്ധന കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പര്യാപ്തമാണോയെന്ന സംശയം ബാക്കിയാവുകയാണ്.

Exit mobile version