തിരുവനന്തപുരം: വീണ്ടും വിവാദത്തില്‍ കുടുങ്ങിയ കല്ലടയ്ക്ക് നേരെ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്. തിരുവനന്തപുരത്തെ ഓഫീസ് അടിച്ച് തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലേറില്‍ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും കല്ലട ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
എന്നാല്‍ ഇതിനിടെ, കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞ് കഴിഞ്ഞു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസില്‍ തേഞ്ഞിപ്പാലം കാക്കഞ്ചേരിയില്‍ വച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.
ബസിലെ രണ്ടാം ഡ്രൈവറായ ജോണ്‍സണ്‍ ജോസഫ് യുവതിയുടെ സീറ്റിനടുത്ത് വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രികര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ മറ്റൊരു കേസ് കൂടി കല്ലടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിത വേഗതയിലും അശ്രദ്ധമായി വണ്ടി ഓടിച്ചതിന്റെ ഭാഗമായി യാത്രികന്റെ തുടയെല്ല് പൊട്ടുകയായിരുന്നു. ഇതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post