തിരുവനന്തപുരം: കടലിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം തിരിച്ച് കരയിലേക്ക് എത്തിച്ച് കടലിന്റെ കുറുമ്പ്. കോവളം ഗ്രോവ് ബീച്ചില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ മാലിന്യം അടിയുന്നതു തുടരുകയാണ്. കഴിഞ്ഞ ദിവസം അടിഞ്ഞതിന്റെ ഇരട്ടിയായാണ് തീരത്ത് ഇന്നലെ മാലിന്യം മലയായി അടിഞ്ഞുകൂടിയത്.
രാത്രിയിലാണു മാലിന്യം ഏറെ വന്നടിയുന്നതെന്നാണ് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നത്. വേലിയേറ്റ സമയത്താണ് ഇവ കരയിലെത്തുന്നത്. പിന്നീട് കടല്‍ ഇവ തിരിച്ചുകൊണ്ടുപോകുന്നുമില്ല.
പ്ലാസ്റ്റിക് കുപ്പികള്‍, വലകള്‍ എന്നിവയുള്‍പ്പെട്ട വലിയ മാലിന്യ മല തന്നെയാണ് കടല്‍ കരയ്ക്ക് എത്തിക്കുന്നത്. അതേസമയം, ഇത്രയേറെ മാലിന്യം ബീച്ചില്‍ ഇതാദ്യമായാണു വന്നടിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തീരത്തു നിന്നു ഇവ കുറേയേറെ നീക്കം ചെയ്‌തെങ്കിലും വീണ്ടും വന്നടിയുന്നതു സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ലൈറ്റ് ഹൗസ് തീരത്ത് വന്‍ മരങ്ങളുടെ ശിഖരങ്ങളും കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പഴയ വലകളുടെ വന്‍ ശേഖരം അടിഞ്ഞുകൂടിയിരുന്നു.
Discussion about this post