ബസ് ഇടിച്ച് പരിക്കേറ്റു; പ്രാണവേദനയില്‍ ഓടിയ നായ കടയില്‍ നിന്ന യുവാവിനെ കടിച്ചു കീറി, നായയെ പിടികൂടാന്‍ എടുത്ത ചാക്കില്‍ പാമ്പ് കുഞ്ഞുങ്ങളും!

നായയുടെ അക്രമണത്തില്‍ നിന്ന് നാട്ടുകാരാണ് യുവാവിനെ രക്ഷിച്ചത്.

പൂച്ചാക്കല്‍: ബസിന്റെ ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നായ പ്രാണവേദനയില്‍ സമീപത്തെ കടയില്‍ നിന്ന യുവാവിനെ കടിച്ചു കീറി. കടയിലേയ്ക്ക് ഓടികയറിയ നായ അവിടെ നിന്നിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. എന്നാല്‍ ഇതിനിടയില്‍ ഏറെ പരിഭ്രാന്തി പരത്തിയത് മറ്റൊന്നായിരുന്നു. നായയെ പിടികൂടാന്‍ വേണ്ടി എടുത്ത ചാക്കില്‍ നിന്ന് പാമ്പ് കുഞ്ഞുങ്ങളെയാണ് കണ്ടത്.

ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെ തിരക്കേറിയ പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനില്‍ വച്ചാണ് നായയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വേദന കൊണ്ട് പുളഞ്ഞ നായ തൊട്ടടുത്ത സികെ അനില്‍കുമാറിന്റെ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി. ഈ സമയം കടയില്‍ സാധനങ്ങള്‍ വാങ്ങാനായെത്തിയ ഉളവെയ്പ് സ്വദേശി ഗിരി എന്ന യുവാവിനെ, നായ പ്രണവേദനയാല്‍ അക്രമിക്കുകയായിരുന്നു.

നായയുടെ അക്രമണത്തില്‍ നിന്ന് നാട്ടുകാരാണ് യുവാവിനെ രക്ഷിച്ചത്. പലതവണ നായ യുവാവിനെ അക്രമിച്ചു. തുടര്‍ന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ യുവാവിനെ നാട്ടുകാര്‍ നായയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ അക്രമിച്ച ശേഷം അല്‍പ്പദൂരം ഓടിയ നായ വഴിയരികില്‍ ചത്ത് വീഴുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇതിനെ മറവു ചെയ്തു.

Exit mobile version