രണ്ട് വര്‍ഷം പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 45കാരിക്കെതിരെ പോക്‌സോ ചുമത്തി പോലീസ്, സംഭവം നടന്നത് തിരുവനന്തപുരത്ത്

കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പതിനേഴുകാരന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരോട് വെളിപ്പെടുത്തിയത്

തിരുവനന്തപുരം: രണ്ട് വര്‍ഷം നിരന്തരമായി പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് 45 കാരിക്കെതിരെ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു. തിരുവനന്തപുരം പൊഴിയൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

പതിനേഴുകാരനെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ലൈംഗിക പീഡനം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പതിനേഴുകാരന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരോട് വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് കേസിലെ പ്രതിയായ യുവതി.

രണ്ട് വര്‍ഷം മുമ്പത്തെ അവധിക്കാലത്ത് യുവതിയുടെ വീട്ടില്‍ വിരുന്ന് പോയ സമയത്താണ് ഈ ബന്ധം ആരംഭിച്ചത്. പിന്നീട് ക്ലാസ് ഒഴിവാക്കിയ കുട്ടി ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തനിക്ക് ഇവരുടെ വീട്ടില്‍ നിന്ന് കൊണ്ട് സ്‌കൂളില്‍ പോകണമെന്ന് കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ കുട്ടിയുടെ ആവശ്യം നിരാകരിച്ചതോടെ സ്വഭാവത്തില്‍ വ്യത്യാസം വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ക്ക് വരെ ദേഷ്യപ്പെടാനും ടിവി എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.

പതിനേഴുകാരനെ മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്‌സോ പ്രകാരം 3,4,5 വകുപ്പുകളാണ് സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് പൊഴിയൂര്‍ പോലീസ് അറിയിച്ചിരിക്കുന്നത്.

Exit mobile version