ബൈക്കിടിച്ച് മരിച്ച അധ്യാപകന്‍ പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ കുടുംബത്തിന് 2.23 കോടി രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് കോടതി

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പ്രദീപന്റെ കുടുംബം അഭിഭാഷകന്‍ മുഖേനെയാണ് കേസ് ഫയല്‍ ചെയ്തത്.

കോഴിക്കോട്: അധ്യാപകനും ദളിത് ചിന്തകനുമായ പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ മരണത്തില്‍ കുടുംബത്തിന് 2.23 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ബൈക്കിടിച്ചാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി റീജിയണല്‍ സെന്ററില്‍ അധ്യാപകനായിരുന്ന പ്രദീപന്‍ പാമ്പിരിക്കുന്ന് മരിച്ചത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പ്രദീപന്റെ കുടുംബം അഭിഭാഷകന്‍ മുഖേനെയാണ് കേസ് ഫയല്‍ ചെയ്തത്. പിന്നാലെ കേസില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് പലിശ സഹിതം നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് രണ്ടാം അഡീഷണല്‍ മോട്ടോര്‍ ആകിസിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.

അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രദീപന്‍ 2016 ഡിസംബര്‍ ഒന്നിനാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലൂടെ നടന്നുപോകവെ പ്രദീപനെ ബൈക്കിടിച്ചു വീഴ്ത്തുകയായിരുന്നു. ഡിസംബര്‍ എട്ടിന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. പലിശ സഹിതം 2.23 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജഡ്ജി നസീറയാണ് ഉത്തരവിട്ടത്.

Exit mobile version